വർക്കലയിൽ ആടു മോഷ്ടാക്കൾ പിടിയിൽ
text_fieldsവർക്കല: ആടു മോഷ്ടാക്കൾ പിടിയിൽ. വീട്ടുവളപ്പിൽ കെട്ടിയിരുന്ന ആടുകളെ അടുത്തടുത്ത ദിവസങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോയി വിറ്റ മോഷ്ടാക്കളെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല മുണ്ടയിൽ തോപ്പുവിള നഴ്സറിക്ക് സമീപം പുത്തൻവിള വീട്ടിൽ ബിജു(47), വർക്കല വാച്ചർമുക്ക് നിഷാ ഭവനിൽ മണികണ്ഠൻ എന്നു വിളിക്കുന്ന നിജു (31) എന്നിവരാണ് പിടിയിലായത്.
ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീട്ടുവളപ്പിൽ നിന്നാണ് ജമ്നാപ്യാരി, മലബാറി ഇനങ്ങളിൽപ്പെട്ട ആടുകളെ മോഷ്ടിച്ചു കൊണ്ടുപോയി വിറ്റത്. ഇക്കഴിഞ്ഞ ജൂലൈ 30, 31 ദിവസങ്ങളിൽ രാവിലെ ബൈക്കിലെത്തിയാണ് മോഷ്ടാക്കൾ ആടുകളെ കടത്തിക്കൊണ്ടു പോയത്. തുടർന്ന് ആടുകളെ മോഷണ മുതലുകളാണെന്നുള്ള വിവരം മറച്ചുവെച്ച് വിൽപന നടത്തുകയായിരുന്നു. പരിസരങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
2012ൽ വർക്കലയിൽ വച്ച് ലിജി എന്ന പെൺകുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ വർക്കല പൊലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ബിജു. വർക്കല ഡി.വൈ.എസ്.പി. ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ അയിരൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ. എസ്.ഐ. സജീവ്. ആർ, പൊലീസുകാരായ ജയ് മുരുകൻ, സജീവ്, തുളസി, അജിൽ, ജീഷാദ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.