പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസ് തുടങ്ങുന്നു
text_fieldsപൊന്നാനി: പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു. ഫെബ്രുവരി 26ന് പഠനയാത്ര നടത്തും. മാധ്യമപ്രവർത്തകരുൾപ്പെടെ അമ്പതോളം പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാവുക.
നിലവിൽ കൊച്ചിയിൽനിന്നും ബേപ്പൂരിൽ നിന്നുമാണ് ലക്ഷദ്വീപിലേക്ക് സർവിസുള്ളത്. ഇവിടങ്ങളിൽനിന്ന് ലക്ഷദ്വീപിലെത്തുന്നതിനേക്കാൾ സമയലാഭം പൊന്നാനിയിൽനിന്ന് ഉണ്ടെന്നാണ് കണ്ടെത്തൽ. പൊന്നാനിയിൽനിന്ന് കവരത്തി ദ്വീപിലേക്ക് 194 നോട്ടിക്കൽ മൈൽ ദൂരവും ആന്ത്രോത്ത് ദ്വീപിലേക്ക് 124 നോട്ടിക്കൽ മൈൽ ദൂരവുമാണുള്ളത്.
പൊന്നാനിയിൽനിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചും തീർഥാടന ടൂറിസമാണ് ആദ്യഘട്ടത്തിൽ ആലോചനയിലുള്ളത്. ഇതിനായി പൊന്നാനി തീരത്ത് ഫ്ലോട്ടിങ് ജെട്ടി നിർമിക്കും. 2016ൽ പൊന്നാനിയിലെ സാമൂഹിക പ്രവർത്തകനായ സമീർ ഡയാന പദ്ധതിയുടെ നിർദേശം അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സമർപ്പിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയിലാണ് വിവിധ മേഖലയിലുള്ളവരെ ചേർത്ത് പഠനയാത്ര നടത്തുന്നത്. യാത്രയുടെ ഭാഗമായി എം.പിയും എം.എൽ.എയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് കത്തയക്കും. പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനായി ഹൈഡ്രോഗ്രാഫിക് സർവേ നടത്തും. ദ്വീപിലേക്ക് സഞ്ചാരപാത തുറക്കുന്നതോടെ ടൂറിസം രംഗത്ത് ഉണർവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
യോഗത്തിൽ പി. നന്ദകുമാർ എം.എൽ.എ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോർട്ട് ഓഫിസർ അശ്വിനി പ്രതാപ്, പോർട്ട് പൈലറ്റ് പ്രതീഷ് ജി. നായർ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയ, ലക്ഷദ്വീപ് പ്രതിനിധികളായ കെ.കെ. ഷമീം, സി.എം. അബ്ദുൽ മുഹ്സിൻ, അഷ്റഫ് കോക്കൂർ, അർഷാദ്, പി.കെ. ഖലീമുദ്ദീൻ, ഒ.ഒ. ഷംസു, ഫർഹാൻ ബിയ്യം, സമീർ ഡയാന, ടി. ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.