ഷോക്കേറ്റ് മരണം: പ്രതിയുമായി തെളിവെടുത്തു
text_fieldsശ്രീകൃഷ്ണപുരം: വെള്ളിനേഴി കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പൊലീസ് തെളിവെടുപ്പ് നടത്തി. സഹജന്റെ മൂത്ത സഹോദരൻ വിജയന്റെ മകൻ രാജേഷിനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കേസിൽ സഹജന്റെ അനിയന്റെ മക്കളായ പ്രവീൺ, പ്രമോദ് എന്നിവരും റിമാൻഡിലാണ്.
തറവാട്ടുതൊടിയിലെ സർപ്പക്കാവിൽ തെരുവുനായ് ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ തട്ടിയാണ് സഹജൻ ഷോക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു അപകടം. ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തറവാട്ട് വളപ്പിലൂടെ കടന്നുപോകുന്ന ലൈനിൽനിന്ന് അനധികൃതമായാണ് ഇവർ ഷോക്ക് വെക്കാൻ വൈദ്യുതി എടുത്തിരുന്നത്. സംഭവസ്ഥലത്തുനിന്ന് വൈദ്യുതിലൈനിൽ ഘടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന സർവിസ് വയർ, സ്റ്റേ കമ്പി, രണ്ട് പട്ടികകൾ എന്നിവ കണ്ടെടുത്തു. അപകടം നടക്കാനുണ്ടായ സാഹചര്യവും അപകടം നടന്നശേഷമുണ്ടായ കാര്യങ്ങളും രാജേഷ് പൊലീസിന് വിശദീകരിച്ചു കൊടുത്തു. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് തെളിവെടുപ്പിനായി കുറുവട്ടൂരിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.