വളപട്ടണം പൊലീസിനു നേരെ വെടിവെപ്പ്: പ്രതി അറസ്റ്റിൽ
text_fieldsകണ്ണൂർ: വധശ്രമ കേസിലെ പ്രതിയെ പിടികൂടാനെത്തിയ വളപട്ടണം പൊലീസിനുനേരെ വെടിയുതിർത്തയാൾ പിടിയിൽ. പൊലീസ് പിടികൂടാനെത്തിയ പ്രതി റോഷന്റെ പിതാവ് ചിറക്കൽ ചിറക്ക് സമീപം വില്ല ലേക് റിട്രീറ്റിൽ ബാബു തോമസ് (71) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മയക്കുമരുന്ന്, വധശ്രമ കേസുകളിലെ പ്രതിയായ റോഷനെ തേടി വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസിനുനേരെ വെടിവെപ്പുണ്ടായത്.
ഒക്ടോബർ 22ന് ചിറക്കലിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ പ്രതിയായ റോഷൻ അന്ന് ഒളിവിൽ പോയതാണ്. ഇയാൾ വീട്ടിലെത്തിയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. മുൻവശത്തെ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് പിൻവാതിൽവഴി കയറാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ നിധിനും സംഘത്തിനും നേരെ ബാബു തോമസ് വെടിവെക്കുകയായിരുന്നു. മുകളിലത്തെ നിലയിൽനിന്ന് റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിയുതിർത്തതായും നിലത്ത് കുനിഞ്ഞിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഘം എത്തി വാതിൽ തകർത്താണ് ബാബു തോമസിനെ കീഴ്പ്പെടുത്തിയത്. രണ്ട് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് എഫ്.ഐ.ആർ. എന്നാൽ, തോക്കിന് ലൈസൻസുള്ളതായി കാണിച്ച് ബാബു തോമസിന്റെ ഭാര്യ ലിന്റ രേഖ ഹാജരാക്കിയതായി സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു. റോഷന് റൗഡി പട്ടികയിലുള്ളയാളാണെന്നും ഇയാള്ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാബു തോമസിന്റെ വീട്ടിലെ ജനൽ ഗ്ലാസുകളും വെള്ളത്തിന്റെ ടാങ്കും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്ത നിലയിലാണ്. സി.സി.ടി.വിയും തകർത്തു. വെടിവെപ്പുണ്ടായ ശേഷം പൊലീസ് സുരക്ഷയൊരുക്കിയിരുന്നതായും എപ്പോഴാണ് കല്ലേറുണ്ടായതെന്ന് അന്വേഷണത്തിനൊടുവിൽ മാത്രമേ കണ്ടെത്താനാവുള്ളൂവെന്നും കമീഷണർ പറഞ്ഞു.
അതേസമയം, പൊലീസ് ഗുണ്ടകളെയും കൂട്ടിയാണ് വന്നതെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഭർത്താവിനെ കീഴ്പ്പെടുത്തിയതെന്നും ബാബുവിന്റെ ഭാര്യ ലിൻറ പറഞ്ഞു. മതിൽ ചാടിക്കടന്ന ഇരുപത്തഞ്ചോളം പേർ ചേർന്ന് വീടിനുനേരെ കല്ലെറിഞ്ഞതായും പൊലീസാണെന്ന് പറഞ്ഞ് വാതിൽ ചവിട്ടിപ്പൊളിക്കാൻ നോക്കിയപ്പോഴാണ് പൊട്ടിയ ജനൽ ഗ്ലാസിലൂടെ ആത്മരക്ഷാർഥം ബാബു തോമസ് മുകളിലോട്ട് വെടിവെച്ചതെന്നും അവർ വിശദീകരിച്ചു. വെടിവെപ്പിനിടെ ഓടിരക്ഷപ്പെട്ട റോഷനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.