ശ്രുതിയുടെ മരണം കൊലപാതകം; ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ്
text_fieldsവടക്കഞ്ചേരി: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭർത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ശ്രീജിത്തിെൻറ പരസ്ത്രീബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ശ്രുതിയുടെ പിതാവ് ശിവെൻറ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. നേരത്തേ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസിൽ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. ജൂൺ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മക്കളാണ് വിവരം അയൽവാസികളെ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തിയെന്നായിരുന്നു കുട്ടികൾ അയൽവാസികളോട് പറഞ്ഞത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 21ന് മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. മരണമൊഴിയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ശ്രുതി ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാൽ, ആശുപത്രിയിൽ കൊണ്ടുപോകുംവഴി ശ്രീജിത്തിെൻറ സുഹൃത്തുക്കളുടെ പ്രേരണയെ തുടർന്നാണ് അത്തരമൊരു മൊഴി നൽകിയതെന്നാണ് വിവരം. ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴിയും പ്രദേശവാസികളുടെ സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശ്രീജിത്തിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെച്ചൊല്ലി ഇവർ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവ ദിവസവും ഇത്തരത്തിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. റിമാൻഡിൽ കഴിയുന്ന ശ്രീജിത്തിനെ വടക്കഞ്ചേരി പൊലീസ് ജയിലെത്തി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജൂൺ 29ന് ശ്രീജിത്തിനെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് മലമ്പുഴ ജില്ല ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹൻ, എ.എസ്. ബിനോയ്മാത്യു, സിവിൽ പൊലീസ് ഒാഫിസർ വി. ലതിക എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.