ശ്രുതിയുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാവ്
text_fieldsതൃശൂർ: തമിഴ്നാട്ടിലെ ഈറോഡിൽ ശ്രുതി കാർത്തികേയൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്ന് മാതാവ് കൈരളി. കഴിഞ്ഞ വർഷം ആഗസ്റ്റ് 17നാണ് ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ശ്രുതിയുടെ എല്ലുകൾക്കും ക്ഷതമേറ്റിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഫോറൻസിക് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മരണസമയത്ത് കൂടെയുണ്ടായിരുന്നയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും മാതാവ് പറഞ്ഞു. ഇയാളെ മാരക മയക്കുമരുന്നുമായി ഈ അടുത്ത് കേരള പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുകയോ പ്രതി ചേർക്കുകയോ പൊലീസ് ചെയ്യുന്നില്ല. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പൊലീസിനും പരാതി നൽകിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്നും മാതാവ് പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെ ഓഫിസിനു മുന്നിൽ 31ന് ധർണ നടത്തും. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ബൽക്കീസ് ബാനു, സരസ്വതി വലപ്പാട്, എൻ.ഡി. വേണു, ഉമൈറ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.