സ്ത്രീധന പീഡനക്കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐ വിജിലന്‍സ് പിടിയിൽ
text_fieldsകടുത്തുരുത്തി: സ്ത്രീധന പീഡനക്കേസിലെ പ്രതിയിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എ. അനിൽകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കുറുപ്പന്തറ മാഞ്ഞൂർ സ്വദേശിനി സ്ത്രീധനത്തിെൻറ പേരിൽ തന്നെ പീഡിപ്പിക്കുന്നതായി 2021 മാർച്ചിൽ നൽകിയ പരാതിയിൽ ഭർത്താവ് പാലക്കാട് സ്വദേശിയായ വിനോയ് വിക്ടർ ജോർജിനും മാതാപിതാക്കൾക്കും എതിരെ കടുത്തുരുത്തി പൊലീസ് കേസ് എടുത്തിരുന്നു.
വിനോയ് ജോലിസ്ഥലമായ ദുബൈയിലേക്ക് മടങ്ങിപ്പോകുകയും നാട്ടിൽ ഉണ്ടായിരുന്ന മാതാപിതാക്കൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. എന്നാൽ, ജാമ്യ ഉത്തരവുമായി കടുത്തുരുത്തി സ്റ്റേഷനിൽ എത്തിയ വിനോയിയുടെ മാതാപിതാക്കളിൽനിന്ന് ജാമ്യം സംബന്ധിച്ച സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാനെന്ന പേരിൽ അനിൽകുമാർ 20,000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങി. കഴിഞ്ഞയാഴ്ച ദുബൈയിൽനിന്ന് നാട്ടിലെത്തിയ വിനോയ് വിക്ടർ ജോർജ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടുകയും വിവരം അനിൽകുമാറിനെ ഫോണിൽ അറിയിക്കുകയും ചെയ്തു. വീണ്ടും 20,000 രൂപ നൽകണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു.
സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ ആദ്യ ഗഡുവായി 5000 രൂപയും ബാക്കി ഗഡുക്കളായും നൽകാൻ പറഞ്ഞു. വിനോയ് വിവരം വിജിലൻസിെൻറ കിഴക്കൻ മേഖല എസ്.പി വിനോദ്കുമാറിനെ അറിയിച്ചു. കിഴക്കൻമേഖല ഡിവൈ.എസ്.പി എ.കെ. വിശ്വനാഥെൻറയും കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിെൻറയും നേതൃത്വത്തിലുള്ള വിജിലൻസ് സംഘം വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ കടുത്തുരുത്തി സ്റ്റേഷന് മുന്നിൽ കാറിനുള്ളിൽ െവച്ച് കൈക്കൂലി വാങ്ങിയ അനിൽകുമാറിനെ പിടികൂടുകയായിരുന്നു.
ഇന്‍സ്പെക്ടര്‍മാരായ റെജി കുന്നിൻപറമ്പിൽ, വിനീഷ്കുമാർ, നിസാം, രാജേഷ്കുമാർ, എസ്.ഐമാരായ അനിൽകുമാർ, സന്തോഷ്, പ്രസന്നകുമാർ, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാന്‍ലി, അനിൽകുമാർ, സാബു, കുര്യാക്കോസ്, പ്രസാദ്, സൂരജ് തുടങ്ങിയവരും വിജിലന്‍സ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.