സിദ്ദിഖ് വധം: എ.ടി.എം കാര്‍ഡും ചെക്ക് ബുക്കും തോർത്തും പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെടുത്തു
text_fieldsതൃശൂർ: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ കൂടുതൽ തെളിവ് കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖിന്‍റെ എ.ടി.എം കാർഡും ചെക്ക്ബുക്കും തോർത്തും തൃശൂർ ചെറുതുരുത്തിയിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തി. എ.ടി.എം കാർഡും ചെക്ക്ബുക്കും കിണറിൽ ഉപേക്ഷിച്ചെന്ന് പ്രതിയായ ഷിബിലി പൊലീസിനോട് പറഞ്ഞിരുന്നു. ഷിബിലിയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങി.
സിദ്ദിഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെയുള്ളവ നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. പെരിന്തൽമണ്ണക്കടുത്തെ ചീരട്ട മലയിൽ നിന്നാണ് ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും കണ്ടെത്തിയത്. കേസിലെ പ്രതികളായ ഫർഹാനയെയും, ഷിബിലിയെയും എത്തിച്ചാണ് പൊലീസ് പ്രദേശത്ത് തെളിവ് ശേഖരിച്ചത്. കൊലക്കേസിലെ പ്രതികളിൽ ഒരാളായ ഫർഹാനയാണ് ചീരട്ടമലയിൽ ആയുധങ്ങളുൾപ്പെടെയുള്ള വസ്തുക്കൾ ഉപേക്ഷിച്ചത്.
ഫർഹാന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റബർ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിൽ , സിദ്ദിഖിന്‍റെ തലക്കടിക്കാനുപയോഗിച്ച ചുറ്റികയും, ദേഹത്ത് മുറിവേൽപ്പിച്ച കത്തിയും, കൊലക്ക് ശേഷം മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും, ഹോട്ടൽ മുറിയിലെ രക്തക്കറ കളയാൻ ഉപയോഗിച്ച തുണികളും, ഡീ കാസ ഹോട്ടലിന്‍റെ മുദ്രയുള്ള തലയണക്കവറും, കണ്ടെടുത്തിരുന്നു. ഇത് കൂടാതെ സിദ്ദിഖിന്‍റേതെന്ന് കരുതുന്ന രണ്ട് എ.ടി.എം കാർഡുകളും, ചെരിപ്പുകളും കൂടി പ്രദേശത്ത് നിന്ന് ലഭിച്ചിരുന്നു.
സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവരുമാണ് പിടിയിലായത്. മൂവരും ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.