സിന്ധുവിന്റെ മരണം: പൊലീസ് അന്വേഷണം ഊർജിതമാക്കി
text_fieldsമാനന്തവാടി: കൈക്കൂലിയെ എതിർത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലം മോട്ടോർ വാഹന വകുപ്പ് ജീവനക്കാരി ജീവനൊടുക്കിയെന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്ച രാവിലെയാണ് മാനന്തവാടി ജോ. റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധു (42) സഹോദരന്റെ വീട്ടിൽ തൂങ്ങിമരിച്ചത്.
ഭിന്നശേഷിക്കാരിയായ സിന്ധു അവിവാഹിതയായിരുന്നു. ഇവർ എഴുതിവെച്ച കുറിപ്പിൽ മേലുദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ കേസന്വേഷണ ചുമതല മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിന് നൽകി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് രണ്ട് ടീമുകളായി ആർ.ടി.ഒ ഓഫിസിലും സിന്ധുവിന്റെ വീട്ടിലും പരിശോധന നടത്തി. ജീവനക്കാരിൽ നിന്നും സിന്ധുവിന്റെ ബന്ധുക്കളിൽ നിന്നും മൊഴി ശേഖരിച്ചു.
വിശദ പരിശോധനകൾക്കായി സിന്ധു ഉപയോഗിച്ചിരുന്ന ലാപ്ടോപ്, ഫോൺ, ഡയറി എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിനിടെ, സിന്ധു ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ എഴുതിയ കുറിപ്പുകൾ പുറത്തുവന്നു. ഇതിൽ, താൻ മാനസികമായി ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും മരണത്തിൽ ആർക്കും പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണങ്ങളെ കുറിച്ച് മോട്ടോർ വാഹന വകുപ്പ് വകുപ്പുതല അന്വേഷണം തുടങ്ങി. ഗതാഗത ജോ. കമീഷണർ പി. രാജീവ്, മാനന്തവാടി ജോ. ആർ.ടി.ഒ വിനോദ് കൃഷ്ണയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഈ റിപ്പോർട്ട് ഉടൻ ഗതാഗത കമീഷണർക്ക് കൈമാറും. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആർ.ടി ഓഫിസിലേക്ക് മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.