മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ 10രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവ്
text_fieldsമുംബൈ: പ്രായപൂർത്തിയാകാത്ത മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. പോക്സോ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പീഡനം കൊലപാതകത്തേക്കാൾ വലിയ കുറ്റകൃത്യമാണെന്നും, ഇത് നിസ്സഹായയായ സ്ത്രീയുടെ ആത്മാവിനെ തകർക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആസ്വാസ്ഥ്യത്തെ മുതലെടുത്താണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതി ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈകോടതി സ്പെഷ്യൽ ജഡ്ജ് ഷെൻഡെയുടേതാണ് വിധി. പെൺകുട്ടിയുടെ പ്രദേശവാസിയായ ആൾ തന്നെയാണ് കുറ്റകൃത്യം നടത്തിയത്. കുട്ടിയുടെ ആസ്വാസ്ഥ്യം വ്യക്തമായി അറിയാമായിരുന്ന പ്രതികൾ 10 രൂപ കാണിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതിനാൽ കേസിന്‍റെ തീവ്രത കൂടുതലാണ്. പരിഷ്കൃതമായ സമൂഹത്തിൽ വലിയ ആഘാതം സൃഷ്ടിച്ച കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
മുംബൈ ആറെയിൽ 2015 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. മാനസിക പ്രയാസങ്ങൽ നേരിട്ടിരുന്നതിനാൽ മാതാവ് കുട്ടിയെ സ്കൂളിൽ വിട്ടിരുന്നില്ല. ഒരു ദിവസം പതിവുപോലെ ജോലി കഴിഞ്ഞെത്തുമ്പോഴാണ് കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത അമ്മ ശ്രദ്ധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ പ്രദേശവാസിയും സുഹൃത്തും ചേർന്ന് ബലാത്സംഗത്തിനിരയാക്കിയ വിവരം പുറത്തറിയുന്നത്. 10 രൂപ തരാമെന്ന് വാഗ്ദാനം ചെയ്ത് സംഘം പെൺകുട്ടിയെ സമീപത്തുള്ള കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി കോടതിയിൽ പറഞ്ഞു. ആദ്യമായല്ല പ്രതികളിൽ നിന്നും ലൈംഗികാതിക്രമം നേരിടുന്നതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നൽകി. സംഭവത്തിൽ പ്രദേശവാസിയായ പ്രതി നീലേഷ് ഉറാഡെ, സുഹൃത്ത് റിഷ ഹാദൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിഷ ഹാദൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു.
പെൺകുട്ടിയും പ്രതിയായ റിഷയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും താൻ കുറ്റം ചെയ്തിട്ടില്ലെന്നും നീലേഷ് കോടതിയിൽ വാദിച്ചു. മകളുടെ കാമുകനെ പാഠം പഠിപ്പിക്കാൻ കുടുംബത്തിന്‍റേയും മകളുടേയും ആത്മാഭിമാനത്തെ പണയപ്പെടുത്താൻ ഒരു സ്ത്രീക്കും സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ കള്ളക്കേസിൽ കുടുക്കിയതാണെന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി തള്ളി. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞ ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തതും നടപടി സ്വീകരിച്ചതുമെന്നും കോടതി വ്യക്തമാക്കി. പ്രതി കുറ്റം നടത്താൻ ശ്രമം നടത്തുക മാത്രമാണ് ചെയ്തത്. ആറ് വർഷക്കാലമായി ജയിലിൽ കഴിയുന്നതിനാൽ കേസിനാവശ്യമായ പിഴ നൽകാൻ നിർവാഹമില്ലെന്നും ഇത് കണക്കിലെടുത്ത് പ്രതിക്കെതിരെ സൗമ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ കുറ്റം മാത്രമേ പരിഗണിക്കേണ്ടതുള്ളുവെന്നും, പ്രതിയുടെ സാമ്പത്തിക സാഹചര്യമോ പ്രായമോ സമയമോ പ്രധാനമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.