സോളാർ തെരുവുവിളക്ക് ബാറ്ററി മോഷണസംഘം പിടിയിൽ
text_fieldsമേല്പറമ്പ: ചന്ദ്രഗിരി സംസ്ഥാന പാതയിൽ ചെമ്മനാട് റോഡരികിൽ സ്ഥാപിച്ച തെരുവുവിളക്കിലെ ഇൻവർട്ടർ സോളാർ ബാറ്ററികൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ മേല്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവറായ കളനാട് കൂവത്തൊട്ടി ടി.എ. അബ്ദുൽ മൻസൂർ(41), ചെമ്മനാട് ചളിയംകോട് അബ്ദുൽ കാദർ അഫീക്(29) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ.14 എച്ച്. 8430 നമ്പർ ഓട്ടോറിക്ഷയും രണ്ട് വലിയ ലൂമിനസ് സോളാർ ബാറ്ററികളും കസ്റ്റഡിയിലെടുത്തു. ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സംസ്ഥാനപാതയിൽ വാഹന പരിശോധന നടത്തിവരവെ മേല്പറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, എസ്.ഐ. കെ. അനുരൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്.
വാഹന പരിശോധന നടത്തുന്നതുകണ്ട് നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന പൊലീസ് സംഘം ഓട്ടോറിക്ഷയെ പിടികൂടി പരിശോധിച്ചതിൽ പിൻസീറ്റിൽ രണ്ട് വലിയ ഇൻവർട്ടർ സോളാർ ബാറ്ററികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറെയും യാത്രക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ തെരുവുവിളക്കിലെ ഇൻവർട്ടർ ബാറ്ററികൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്ന സംഘമാണെന്ന് തിരിച്ചറിഞ്ഞു. വൈദ്യ പരിശോധനക്ക് ശേഷം ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. അന്വേഷണ സംഘത്തിൽ ഗ്രേഡ് എസ്.ഐ ശശിധരൻ പിള്ള, സിവിൽ പൊലീസുദ്യോഗസ്ഥരായ ടി. അജിത്കുമാർ, പി.എം. പ്രദീഷ്കുമാർ, സി. ഉണ്ണികൃഷ്ണൻ, വിനീഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.