ഉടമയറിയാതെ സ്ഥലംവിറ്റ് ഒന്നരക്കോടി തട്ടി; രണ്ടുപേർക്കെതിരെ കേസ്
text_fieldsതളിപ്പറമ്പ്: ഉടമയറിയാതെ സ്ഥലം വിറ്റ് ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. മാട്ടൂൽ നോർത്തിലെ കോയിക്കര പുതിയ പുരയിൽ അബ്ദുൽ സത്താർ, കൊച്ചി പാലാരിവട്ടത്തെ കാരയിൽ മുത്തലിബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുറുമാത്തൂർ സ്വദേശി കെ.പി. മുസ്തഫയുടെ പരാതിയിലാണ് കേസ്.
കുറുമാത്തൂർ തുമ്പശേരി എസ്റ്റേറ്റിലെ ഭൂമിയാണ് സത്താറും മുത്തലിബും ചേർന്ന് മുസ്തഫക്ക് വിൽപന നടത്തിയത്. എറണാകുളത്ത് താമസിക്കുന്ന സ്ഥലം ഉടമ റോസ്മേരി അറിയാതെയാണ് ഇവർ സ്ഥലം മറിച്ചുവിറ്റത്. വ്യാജരേഖ ചമച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
കുറുമാത്തൂരിലുള്ള ഏക്കർകണക്കിന് ഭൂമിയുടെ പല ഭാഗങ്ങളും നേരത്തെ പ്രതികൾ ഉടമയറിയാതെ മറ്റു പലർക്കും വിൽപന നടത്തിയിരുന്നു. അന്ന് അവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റോസ്മേരിയുടെ ഭൂമി കെ.പി. മുസ്തഫക്ക് വിൽപന നടത്തിയ വകയിൽ മുസ്തഫയിൽനിന്നും പ്രതികൾ ഒരു കോടി 60 ലക്ഷം രൂപയും കൈപ്പറ്റി.
എന്നാൽ, ഇതിനിടെ വിവരമറിഞ്ഞ റോസ്മേരി കോടതിയെ സമീപിച്ചു. വിൽപന കോടതി തടഞ്ഞതോടെ പ്രതികൾക്ക് ഭൂമി രജിസ്റ്റർ ചെയ്തു നൽകാൻ കഴിയാതായി. ഇതോടെ പരാതിയുമായി മുസ്തഫ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.