മാതാവിനെ തീകൊളുത്തി കൊന്ന കേസിൽ മകന് ജീവപര്യന്തം
text_fieldsതൃശൂർ: മുല്ലശേരി മാനിനക്കുന്നിൽ മാതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. മുല്ലശേരി സ്വദേശി വാഴപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (64) തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. വാഴപ്പുള്ളി വീട്ടിൽ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെയാണ് (85) ഉണ്ണികൃഷ്ണൻ പെയിന്‍റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ തലയിലൂടെ ഒഴിച്ച് തീ കൊളുത്തിയത്. 2020 മാർച്ച് 11നാണ് സംഭവം. ഗുരുതര പരിക്കേറ്റ വള്ളിയമ്മു ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുമ്പ് അമ്മയുടെ വായിലേക്ക് വലിയ ടോർച്ച് കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് ജയിലിലായ ഉണ്ണികൃഷ്ണനെ വള്ളിയമ്മുവാണ് ജാമ്യത്തിലിറക്കിയത്. മറ്റൊരു ജാതിയിൽപെട്ടയാളെ വിവാഹം ചെയ്ത സഹോദരിയുടെ അടുത്തേക്ക് വള്ളിയമ്മു പോകുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. തീ കൊളുത്തിയിട്ടും കൂസലില്ലാതിരുന്ന ഉണ്ണികൃഷ്ണനെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പൊലീസിനെ വിളിച്ചുവരുത്തി കൈമാറിയത്. അപ്പോഴും ഒരു കൂസലുമില്ലാതെയായിരുന്നു ഉണ്ണികൃഷ്ണന്‍റെ പെരുമാറ്റം. ചൊവ്വാഴ്ച ശിക്ഷാവിധി കേൾക്കാൻ കോടതിയിലെത്തിച്ചപ്പോഴും ഒരു കുറ്റബോധവും പ്രകടിപ്പിച്ചിരുന്നില്ല.
പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ.ബി. സുനിൽകുമാറും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധുവും ഹാജറായി. പാവറട്ടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ഫൈസൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം.കെ. രമേഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.