ആഭിചാരകര്‍മവും കൊലപാതകവും: ഇലന്തൂര്‍ ഞെട്ടുന്നത് രണ്ടാം തവണ
text_fieldsപത്തനംതിട്ട: ആഭിചാരകര്മത്തെ തുടര്‍ന്നുള്ള കൊലപാതകം ഇലന്തൂരില്‍ നടക്കുന്നത് ഇത് രണ്ടാം തവണ. ഐശ്വര്യം വർധിപ്പിക്കാന്‍ ആഞ്ഞിലിമൂട്ടില്‍ കടകംപള്ളില്‍ ഭഗവല്‍ സിങ്-ലൈല ദമ്പതികള്‍ വ്യാജ സിദ്ധനായ ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയുടെ കാര്‍മികത്വത്തില്‍ രണ്ട് സ്ത്രീകളെയാണ് തലയറത്ത് കൊന്നതെങ്കില്‍ ഇതേപേരിലാണ് ഇലന്തൂര്‍, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജപ്പണിക്കര്‍ എന്ന ഹോമിയോ ഡോക്ടര്‍ നാലര വയസ്സുള്ള മകള്‍ അശ്വനിയെ 25 വര്‍ഷം മുമ്പ് പീഡിപ്പിച്ചുകൊന്നത്. എന്നാല്‍, ഐശ്വര്യത്തിന്റെ പേരില്‍ നടത്തിയ അറുകൊലക്ക് പിന്നില്‍, കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ വീട്ടില്‍ സീനയെ (24) വിവാഹം കഴിക്കാനുള്ള ലക്ഷ്യമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
1997ലായിരുന്നു സംഭവം. ആദ്യഭാര്യയെ ഉപേക്ഷിച്ച ശശിരാജപ്പണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു. സാധുവായ സുകുമാരിയമ്മയുമായുള്ള ജീവിതം മടുത്ത ശശിരാജപ്പണിക്കര്‍ അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പ് ആരംഭിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഏറെ കഴിയും മുമ്പുതന്നെ സുകുമാരിയമ്മ, അശ്വനിയെ പ്രസവിച്ചു. പിറന്നപ്പോള്‍ മുതല്‍ അശ്വനിയോട് ശശിരാജപ്പണിക്കര്‍ ക്രൂരതകാട്ടി തുടങ്ങി. മാതാവ് അരികില്‍ ഇല്ലാത്തപ്പോഴൊക്കെ ഇയാള്‍ അശ്വനിയെ നോവിക്കുക പതിവായിരുന്നു. കുട്ടി അലറിക്കരയുന്നത് കേള്‍ക്കുമ്പോള്‍ അയാളില്‍ ഒരുതരം ആനന്ദം ഉടലെടുക്കുമായിരുന്നു. കുട്ടി വളരുന്നതിന് അനുസരിച്ച് പീഡനത്തിന്റെ രീതിയും മാറിവന്നു. പിഞ്ചുകുഞ്ഞിന്റെ ശരീരത്ത് കത്തിച്ച സിഗരറ്റ് കുത്തുന്നത് പതിവായി. കരച്ചില് കേട്ട് സുകുമാരിയമ്മ ഓടി എത്തുമ്പോള്‍ ഉറുമ്പ് കടിച്ചതാണെന്ന് പറഞ്ഞ് ചെറുചിരിയോടെ തടിതപ്പും.
ചേര്‍ത്തല സ്വദേശിനിയായ സീനയെ പരിചയപ്പെട്ട ശശിരാജപ്പണിക്കര്‍ ഒരു ദിവസം സീനയുമായി പരിയാരത്തുള്ള വീട്ടിലെത്തി. മഹാമാന്ത്രിക സിദ്ധിയുള്ള യുവതിയാണെന്നും ആദരവോടെ മാത്രമേ ഇടപെടാവൂ എന്നുമായിരുന്നു സുകുമാരിയമ്മക്ക് നല്കിയ നിർദേശം. സീനയെ 'മോളെ' എന്നുമാത്രമേ അഭിസംബോധന ചെയ്യാവൂ എന്നും നിർദേശിച്ചിരുന്നു. ഒരു ദിവസം സീന വീടിന്റെ ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു. വിളക്ക് മൂതേവിക്കുവേണ്ടിയാണെന്നും പറഞ്ഞു. മൂതേവി കടാക്ഷിച്ചാല് ഐശ്വര്യം പറന്നെത്തും. പക്ഷേ, വിളക്കിനെ മറികടക്കാന്‍ പാടില്ല. ദിവസവും മൂതേവിക്ക് വിളക്കുവെച്ച് പ്രാര്‍ഥിക്കണം. കൂടാതെ ഓരോ ദിവസവും മൂതേവിയുമായുള്ള പെരുമാറ്റത്തെപ്പറ്റി ഡയറി എഴുതണം. കുട്ടി മൂതേവിയെ മറികടന്നാല്‍ ഐശ്വര്യം കുറയും. അറിയാതെ അങ്ങനെ സംഭവിച്ചാല്‍ കുട്ടിയെ പണിക്കര്‍ മർദിച്ച് ശാപം അകറ്റും.
കാണാമറയത്തുള്ള പ്രാര്‍ഥനയാണ് മറ്റൊന്ന്. ഈ പ്രാര്‍ഥനയില്‍ സുകുമാരിയമ്മക്ക് പങ്കെടുക്കാന്‍ അവകാശമില്ല. ഇതിനിടെ വിളക്കിനെ മറികടക്കുന്ന കുട്ടിക്കുള്ള ശിക്ഷാ നടപടികളും വർധിച്ചു. ശരീരമാസകലം സിഗരറ്റ് കുറ്റികൊണ്ടുള്ള പൊള്ളല്‍ വലിയ വ്രണമായിമാറി. ഭയങ്കരമായ പനി ബാധിച്ചെങ്കിലും ചികിത്സിക്കാന്‍ ശശിരാജപ്പണിക്കര്‍ തയാറായില്ല. മൂതേവി കോപിച്ചുവെന്നായിരുന്നു സീനക്ക് കിട്ടിയ വെളിപാട്. ഒടുവില്‍ ശരീരത്തിലെ വ്രണത്തിലേക്ക് അണുക്കള്‍ വ്യാപിച്ചു. വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി.
പത്തനംതിട്ട എസ്.പിയായിരുന്ന ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശശിരാജപ്പണിക്കര്ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. മറ്റുള്ളവര്‍ ശിക്ഷ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങി. എന്നാല്‍, ശശിരാജപ്പണിക്കരെ പുറത്തിറക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഈ വര്‍ഷം ആദ്യം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അയാൾ മരിച്ചു.
കാല്‍നൂറ്റാണ്ടിനുശേഷം ഇലന്തൂര്‍ മറ്റൊരു ആഭിചാര കര്‍മത്തെ തുടര്‍ന്നുള്ള കൊലപാതകത്തിന് സാക്ഷ്യം വഹിക്കുകയാണ്. എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ നാട്ടുകാര്‍ പരസ്പരം നോക്കുമ്പോള്‍ പിന്നാമ്പുറത്ത് ഒളിഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന കഥകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.