ചെമ്മണാമ്പതി അതിർത്തിയിൽ സ്പിരിറ്റ് ഒഴുകുന്നു; കണ്ണടച്ച് അധികൃതർ
text_fieldsചെമ്മണാമ്പതി: ചെമ്മണാമ്പതി അതിർത്തി വഴി സ്പിരിറ്റ് കടത്ത് വ്യാപകമായിട്ടും നടപടിക്ക് മുതിരാതെ അധികൃതർ. പൂട്ടിക്കിടക്കുന്ന വാണിജ്യനികുതി ചെക്ക് പോസ്റ്റിൽ പൊലീസ്-എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. തമിഴ്നാട്ടിൽനിന്ന് ചെമ്മണാമ്പതി വഴിയെത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ മൂച്ചങ്കുണ്ടിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാത്രമാണുള്ളത്. ഇത് മുതലാക്കി ഇതുവഴി സ്പിരിറ്റ് കടത്ത് വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു.
ചെമ്മണാമ്പതി അതിർത്തി വഴി തമിഴ്നാട്ടിലേക്കും തിരിച്ചും മോഷണ വാഹനങ്ങളും ലഹരിവസ്തുക്കളും കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. ചെമ്മണാമ്പതിയിലെ മാവിൻ തോട്ടത്തിൻ 146 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 4818 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയതോടെ പ്രദേശത്തെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടം പാട്ടത്തിനെടുത്ത ആനകെട്ടിമേട്ടിലെ സബീഷ് സി. ജേക്കബിനെ (38) എക്സൈ സ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള തോട്ടങ്ങളിൽ വസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
മാവിൻ തോട്ടത്തിനകത്തുള്ള വീട്ടിൽ സൂക്ഷിച്ച നിലയിൽ സ്പിരിറ്റ് കണ്ടെത്തിയതിനാൽ തോട്ടങ്ങൾക്കകത്ത് എല്ലാ കെട്ടിടങ്ങളിലും പരിശോധന ശക്തമാക്കുകയാണ്. ആലത്തൂർ, മാവേലിക്കര, കരുനാഗപ്പള്ളി റേഞ്ചുകളിലെ കള്ള് ഷാപ്പുകളിലേക്കു വിതരണം ചെയ്യുന്ന കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഗോവിന്ദാപുരം, മീനാക്ഷിപുരം, കന്നിമാരി, നെല്ലിമേട് എന്നിവിടങ്ങളിലെ തെങ്ങിൻ തോട്ടങ്ങളിൽനിന്നും കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കുള്ള കള്ള് വിതരണത്തിൽ സ്പിരിറ്റ് ചേർക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ 13ന് ചെമ്മണാമ്പതിയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ തോട്ടം ഉടമയായ പ്രവീണിന്റെ സ്ഥലത്തുനിന്ന് 30 ലീറ്റർ സ്പിരിറ്റും അനുബന്ധസാ ധനങ്ങളും പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണമാണ് വൻ സ്പിരിറ്റ് വേട്ടയിലേക്ക് എത്തിച്ചത്. നിലവിൽ ജയിലിലുള്ള പ്രവീണിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ അതിർത്തി തോട്ടങ്ങളിലെല്ലാം പൊലിസ്, എക്സൈസ് സംയുക്ത പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.