അരിമ്പൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഅന്തിക്കാട്: അരിമ്പൂരിൽ തമിഴ്നാട് സ്വദേശി ആദിത്യൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ അന്തിക്കാട് പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. തമിഴ്നാട് ട്രിച്ചി നാവൽപട്ട് കടയിൽ വീട്ടിൽ ദാമോദരൻ (27), അയ്യാരമൂട് കടലുണ്ടി ബണ്ട് റൂട്ടിൽ ഷണ്മുഖൻ (37) എന്നിവരെയാണ് അന്തിക്കാട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 17ന് രാവിലെയാണ് അരിമ്പൂർ എൻ.ഐ.ഡി റോഡിൽ ഓളംതല്ലിപാറക്കു സമീപം താമസിക്കുന്ന തമിഴ്നാട് കടലൂർ കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെ (41) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ആദിത്യനെ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചത്.
കൊലപാതകമാണെന്ന നിഗമനത്തിലെത്തിയതോടെ അന്തിക്കാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദിത്യനൊപ്പം മറ്റു രണ്ടുപേരെ കണ്ടതായ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മൊബൈൽ നിരീക്ഷിച്ചുള്ള അന്വേഷണത്തിൽ തമിഴ്നാട് സ്വദേശികളായ പ്രതികൾ അങ്ങോട്ടു കടന്നതായി വിവരം ലഭിച്ചു.
ഇതോടെ 19ന് പ്രതികളെ തിരഞ്ഞ് അന്തിക്കാട് സി.ഐ പി.കെ. ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. 10 ദിവസത്തോളം നടത്തിയ പരിശോധനയിലാണ് ട്രിച്ചിയിൽനിന്ന് ദാമോദരനെ പിടികൂടിയത്. കൊലയിൽ ഷണ്മുഖന്റെ പങ്കും വ്യക്തമായതോടെ പിന്നാലെ ഷണ്മുഖനെയും തന്ത്രപരമായി പിടികൂടുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദിത്യനും പ്രതികളും ഒരുമിച്ചാണ് പണി ചെയ്യുന്നത്. ശമ്പളം നൽകുന്നതുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എസ്.പി പറഞ്ഞു. തമിഴ്നാട്ടിൽ കൊലപാതക കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് ദാമോദരൻ. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവും പങ്കെടുത്തു. അന്വേഷണ സംഘത്തിൽ അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. ദാസ്, അഡീഷനൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ അസീസ്, സീനിയർ സി.പി.ഒ മിഥുൻ കൃഷ്ണ, സോണി, സുർജിത് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.