പോത്തുകളെ മോഷ്ടിക്കുന്ന നാലംഗ സംഘം പിടിയിൽ
text_fieldsഅങ്കമാലി: ചെങ്ങമനാട്, നെടുമ്പാശ്ശേരി, പിരാരൂർ ഭാഗങ്ങളിലെ കൃഷി ചെയ്യാത്ത പാടങ്ങളിൽ പുല്ലുമേയാൻ വിട്ട പോത്തുകളെ രാത്രി മോഷ്ടിക്കുന്ന നാലംഗസംഘം പിടിയിൽ. കോട്ടയം നെടുംകുന്നം അണിയറ വീട്ടിൽ അപ്പുമോൻ (26), വെള്ളാവൂർ പായിക്കുടി വീട്ടിൽ സതീഷ്കുമാർ (37), സഹോദരൻ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടിൽ അബ്ദുൽ സലാം (27) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.
പോത്തിനെ കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്. ഒരാഴ്ചമുമ്പ് പിരാരൂർ, കോട്ടായി എന്നിവിടങ്ങളിൽനിന്ന് രണ്ട് പോത്തുകൾ മോഷണം പോയിരുന്നു. ഇത് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രതികൾ വലയിലായത്.
വൈകുന്നേരങ്ങളിൽ ബൈക്കുകളിൽ പാടത്തും ഗ്രാമപ്രദേശങ്ങളിലും കറങ്ങിനടന്ന് പോത്തുകളെ കണ്ടുവെക്കും. രാത്രി പിക്അപ് വാനുമായെത്തി കയറ്റിക്കൊണ്ടുപോവുകയുമാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. നേരം വെളുക്കും മുമ്പെ അറവുശാലകളിലെത്തിച്ച് കശാപ്പ് ചെയ്ത് മാംസമാക്കി വിതരണം ചെയ്യുകയാണ് പതിവ്. അപ്പുമോന് നെടുങ്കുന്നത്ത് മാംസവ്യാപാര സ്ഥാപനമുണ്ട്. കൂടുതൽ പോത്തുകളെയും ഇവിടെ എത്തിച്ചാണ് വിൽപന നടത്തിയിരുന്നതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും വ്യത്യസ്തസ്ഥലങ്ങളിൽനിന്നാണ് പോത്തുകളെ മോഷ്ടിച്ചിരുന്നത്.
പൊള്ളാച്ചിയിൽനിന്നാണ് പോത്തുകളെ കൊണ്ടുവരുന്നതെന്നാണ് സംഘം അറവുശാല നടത്തുന്നവരോട് പറഞ്ഞിരുന്നത്. സന്ദീപ് 10ഓളം കേസിലും സതീഷ് രണ്ട് കേസിലും അബ്ദുൽ സലാം നിരവധി മോഷണക്കേസിലും പ്രതിയാണ്.
ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐമാരായ അനീഷ് കെ. ദാസ്, പി.പി. സണ്ണി, ജയപ്രസാദ്, എ.എസ്.ഐ സുനോജ്, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിൻ, ജിസ്മോൻ, അബ്ദുൽ ഖാദർ, ലീല തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.