നിർത്തിയിട്ട കാറിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsതൃശൂർ: ചെമ്പുക്കാവിൽ മൃഗശാല പരിസരത്ത് നിർത്തിയിട്ട കാറിനകത്ത് ബാഗിൽ സൂക്ഷിച്ച ആറ് പവന് മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവർ കേച്ചേരി ചിറനെല്ലൂർ അമ്മണത്ത് വീട്ടിൽ റഷീദിനെയാണ് (40) തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം തിരുനാവായ സ്വദേശികളായ കുടുംബം ചെമ്പുക്കാവിൽ റോഡരികിൽ വാഹനം നിർത്തി മൃഗശാല കാണാൻ പോയതായിരുന്നു. അതുവഴി ഓട്ടോറിക്ഷ ഓടിച്ചുപോയ റഷീദ് കാറിന്റെ ചില്ലിലൂടെ നോക്കിയപ്പോൾ ബാഗ് കണ്ടു. കാറിന്റെ വാതിൽ ബലമായി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു.
കാറിൽ വന്നവർ വീട്ടിലെത്തിയ ശേഷമാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വീട്ടിലും പരിസരത്തും അന്വേഷിച്ചിട്ടും കാണാതെ തൃശൂരിലേക്കുള്ള യാത്രയിൽ നഷ്ടപ്പെട്ടതായിരിക്കാമെന്ന് കരുതി രണ്ടാഴ്ച കഴിഞ്ഞാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മോഷണശേഷം സ്വർണാഭരണങ്ങൾ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലായി വിറ്റഴിച്ച് ലഭിച്ച പണം മുഴുവനും ചീട്ടുകളിക്കാൻ ചെലവഴിച്ചതായി പ്രതി മൊഴി നൽകി. പ്രതിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ സ്വർണവും കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ജോർജ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ. ഭരതനുണ്ണി, പി. ഹരീഷ് കുമാർ, വി.ബി. ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.