ദേശീയപാതയോരത്തെ ബാരിക്കേഡുകൾ മോഷ്ടിക്കുന്നു
text_fieldsചെങ്ങമനാട്: ദേശീയപാതയോരത്ത് സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾ മോഷ്ടിക്കുന്നതായി പരാതി. ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപം വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ ദേശീയപാതയോരത്ത് സ്ഥാപിച്ച ഇരുമ്പിന്റെ ബാരിക്കേഡും അനുബന്ധ ഷീറ്റുകളുമാണ് വ്യാപകമായി മോഷണം പോകുന്നത്.
അത്താണി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കയറ്റമുള്ള വളവ് തിരിഞ്ഞ് പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ രാത്രി കാലങ്ങളിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. റോഡിന് താഴെയുള്ള ചെങ്ങൽത്തോടിന്റെ കൈവഴിയിലും, ചതുപ്പ് നിലങ്ങളിലും മാലിന്യം തള്ളുന്നതും, കക്കൂസ് മാലിന്യമടക്കം തള്ളാൻ റോഡരികിലേക്ക് ചേർത്തുനിർത്തുമ്പോൾ പല തവണ അപകടങ്ങളുണ്ടായതും കണക്കിലെടുത്താണ് ദേശീയപാത അധികൃതർ ഏകദേശം 200 മീറ്ററോളം ദൂരം ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചത്. ദേശീയപാതയിൽ വളവും, തിരിവും, ചെറുതോടുകളും, പാലങ്ങളുമുള്ള മംഗലപ്പുഴ, അത്താണി കുറുന്തലത്തോട്, കരിയാട് അടക്കമുള്ള ഭാഗങ്ങളിലും ഇത്തരത്തിൽ ഇരുമ്പ് ഭിത്തി സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പ് പൈപ്പിന്റെ തൂണുകൾ സ്ഥാപിച്ച ശേഷം മുന്തിയയിനം ഷീറ്റുകൾ തൂണുമായി ബന്ധിപ്പിച്ച് നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കിയാണ് ഭിത്തി സ്ഥാപിച്ചത്. സുരക്ഷ സംവിധാനം ഏർപ്പെടുത്തിയ ശേഷം അപകടങ്ങൾ ഒഴിവായെങ്കിലും യഥാസമയം വഴിയോരം ശുചീകരിക്കാത്തതിനാൽ കാട്ടുചെടികൾ വളർന്ന് കാട് മൂടി. ഭിത്തിയും കാടുമൂടിയതോടെയാണ് സാമൂഹിക വിരുദ്ധർ വിദഗ്ദമായി പാർട്സുകൾ അഴിച്ചെടുത്ത് ആക്രിക്കടകളിൽ കൊണ്ടുപോയി വിൽക്കുന്നത് പതിവായിരിക്കുന്നതത്രെ.
രണ്ടാഴ്ച മുമ്പ് വൈകുന്നേരം പറമ്പയം പാലത്തിന് സമീപം യുവാവ് സൈക്കിളുമായെത്തി ഇരുമ്പ് ഷീറ്റുകൾ അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് പിടികൂടി ദേശീയപാത അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. അതിന് മുമ്പ് മംഗലപ്പുഴ പാലത്തിന് സമീപവും, കരിയാട് വളവിലും മോഷണം നടന്നിരുന്നു. ടെലിഫോൺ പോസ്റ്റ്, പ്രവർത്തനരഹിതവും അലക്ഷ്യവുമായി കിടക്കുന്ന വൈദ്യുതി ലൈനുകൾ, സർക്കാർ ഓഫിസുകളിൽ അലക്ഷ്യമായി സൂക്ഷിക്കുന്ന ആക്രി സാധനങ്ങളും മോഷണം പോകുന്നുണ്ട്.
പൊലീസ് പിടികൂടുന്നുണ്ടെങ്കിലും കേസെടുക്കാതെ വിടാറാണ്. പറമ്പയം, ദേശം, കോട്ടായി ഭാഗങ്ങളിലെ ദേശീയപാതയോരത്തെ കാടുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ചെങ്ങമനാട് പഞ്ചായത്ത് അംഗം നഹാസ് കളപ്പുരയിൽ ദേശീയപാത അധികൃതരോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.