മന്ത്രവാദത്തിന്റെ മറവിൽ സ്വർണവും പണവും കവർന്ന വ്യാജസിദ്ധൻ പിടിയിൽ
text_fieldsപയ്യോളി: മന്ത്രവാദത്തിന്റെ മറവിൽ മദ്റസ അധ്യാപകനെയും കുടുംബത്തെയും പറ്റിച്ച് പണവും ആഭരണങ്ങളും കവർന്ന വ്യാജസിദ്ധൻ പിടിയിലായി. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് (35) ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് ചെറൂട്ടി റോഡിൽ പൊലീസിന്റെ പിടിയിലായത്.
പയ്യോളി ആവിക്കലിൽ സ്വകാര്യ ക്വാർട്ടേഴ്സിലെ താമസക്കാരനും മദ്റസ അധ്യാപകനുമായ പാലക്കാട് ആലത്തൂർ വാവലിയപുരം മാട്ടുമല സ്വദേശി ഇസ്മായിലിന്റെ (37) ഏഴരപ്പവനും രണ്ടു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
നാലു മാസം മുമ്പ് ട്രെയിൻ യാത്രക്കിടെയാണ് ഇസ്മായിലുമായി ഷാഫി സൗഹൃദത്തിലായത്. ഇസ്മായിലിന് വീടു നിർമിക്കാൻ പണം തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പലതവണ ഇസ്മായിലിന്റെ വീട്ടിൽ വരുകയും ചെയ്തു.
സെപ്റ്റംബർ 22ന് നമസ്കരിക്കാനെന്ന പേരിൽ ഇസ്മായിലിന്റെ ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ കയറി പണവും ആഭരണങ്ങളും കവരുകയായിരുന്നു. പത്തു ദിവസത്തിനു ശേഷം വീട്ടുകാരെ ഫോണിൽ വിളിച്ച് വീട്ടിൽ ചാത്തൻസേവ നടത്തണമെന്നും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടേക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ അലമാര തുറക്കാവൂ എന്നും ഷാഫി പറഞ്ഞു. പിന്നീട് അലമാര തുറന്നു നോക്കിയപ്പോഴാണ് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാവുന്നത്.
സംഭവത്തിന് ശേഷവും കുടുംബവുമായി ബന്ധപ്പെട്ട പ്രതിയെ അതിരുകവിഞ്ഞ് വിശ്വസിച്ച വീട്ടുകാർ ആദ്യം പരാതി കൊടുക്കാൻ തയാറായില്ല.
പിന്നീടാണ് പയ്യോളി പൊലീസിൽ പരാതി നൽകിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.