മൂന്നുകോടിയുടെ വീടുകാട്ടി തട്ടിപ്പ്: വിദേശ മലയാളിയുടെ പരാതിയിൽ ദമ്പതികള്‍ക്കെതിരെ കേസ്
text_fieldsഏറ്റുമാനൂര്‍: മൂന്നുകോടിയുടെ വീടുകാട്ടി ഇൻറര്‍നെറ്റില്‍ പരസ്യംനല്‍കി വിദേശമലയാളികളില്‍നിന്ന് പണംതട്ടിയ പാലാ സ്വദേശികളായ ദമ്പതികളടക്കം നാലുപേര്‍ക്കെതിരെ കോടതി നിർദേശപ്രകാരം പാലാ പൊലീസ് കേസെടുത്തു. ഓസ്ട്രേലിയയില്‍ താമസക്കാരായ പാലാ കടപ്ലാമറ്റം പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ എടേറ്റ് ബിനോയ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ്. ഞീഴൂര്‍ സ്വദേശിയും ഇപ്പോള്‍ അബൂദബിയില്‍ ജോലി ചെയ്യുന്ന സന്തോഷ് പി.ജോസഫിനുവേണ്ടി അഡ്വ. സുജേഷ് ജെ. മാത്യു പുന്നോലില്‍ പാലാ കോടതില്‍ നല്കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത്. ജോജിയുടെ വസ്തുവിനും വീടിനുമായി നിരവധിപേര്‍ പണംനല്‍കി വഞ്ചിതരായത് അറിഞ്ഞതോടെയാണ് വീടിന് അഡ്വാന്‍സായി 10 ലക്ഷം രൂപ നല്കിയ സന്തോഷ് കോടതിയെ സമീപിച്ചത്.
2019ലാണ് തട്ടിപ്പുകളുടെ തുടക്കം. വീട് വില്‍ക്കാനുണ്ടെന്ന പരസ്യം ഇൻറര്‍നെറ്റില്‍ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പറില്‍ ബന്ധപ്പെട്ടു. വീടിനും സ്ഥലത്തിനുമായി 2.75 കോടിയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020ല്‍ 1.70 കോടി രൂപക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്ട്രേഷനായി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു. സ്ഥലത്തിനും വീടിനും ഒരു ബാധ്യതയുമിെല്ലന്നായിരുന്നു ഉടമകളുടെ വാദം. എന്നാൽ, സ്ഥലത്തിന് ലോണുള്ളതായി പിന്നീട് സന്തോഷ് മനസ്സിലാക്കി. രജിസ്ട്രേഷന് മുമ്പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പില്‍ മൂന്നുതവണകളായി എസ്.ബി.ഐ വഴി അഡ്വാന്‍സും നല്കി.
പണം കൈയില്‍ കിട്ടിയതോടെ ലോണ്‍ ക്ലോസ് ചെയ്യാന്‍ കഴിയിെല്ലന്ന നിലപാടിലേക്ക് ഇയാൾ മാറി. രജിസ്ട്രേഷനായി എല്ലാവരും ഓസ്ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായി. പിന്നീട്, പിതാവിന് പവറോഫ് അറ്റോര്‍ണി നല്‍കാമെന്ന് പറഞ്ഞെങ്കിലും അവിടെയും ചുവടുമാറി. ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന വില്പന പരസ്യങ്ങള്‍ സന്തോഷിെൻറ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണം മടക്കിനല്‍കാനോ ജോജി തയാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്. ഇതേ വീടും സ്ഥലവും വില്പനയുടെ മറവില്‍ നിരവധിപേരില്‍നിന്ന് ജോജിയും സംഘവും അഡ്വാന്‍സ് വാങ്ങിയതായും പരാതിക്കാരന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.