പൊലീസ് വേഷത്തിലെത്തി വ്യാപാരിയുടെ 1.75 ലക്ഷം കവർന്നു
text_fieldsകാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ടിൽ പൊലീസ് വേഷത്തിലെത്തിയ സംഘം കാർ തടഞ്ഞ് സിനിമസ്റ്റൈലിൽ വ്യാപാരിയുടെ ഒന്നേമുക്കാൽ ലക്ഷം രൂപ കൊള്ളയടിച്ചു രക്ഷപ്പെട്ടു. നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി പള്ളിക്കര കല്ലിങ്കാലിലെ ശംസു എന്ന എം.ബി. ശംസു സലാമിനെയാണ്(60) പട്ടാപ്പകൽ സംസ്ഥാന പാതയിൽ കൊള്ളയടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.50ന് കല്ലിങ്കാലിലെ വീട്ടിൽനിന്ന് കാറിൽ കാഞ്ഞങ്ങാട്ടേക്ക് കട തുറക്കാൻ വരികയായിരുന്നു വ്യാപാരി. കാർ ചേറ്റുകുണ്ടിലെത്തിയപ്പോൾ മറ്റാരു കാറിലെത്തിയ സംഘം ശംസുവിന്റെ കാർ തടഞ്ഞു. സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. സംഘത്തിലെ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു. പൊലീസാണെന്നും വാഹനം പരിശോധിക്കണമെന്നും പറഞ്ഞു. തുടർന്ന് ഡ്രൈവർ സീറ്റിൽനിന്ന് ബലമായി പിടിച്ചിറക്കി പിറകുവശത്തെ സീറ്റിലിരുത്തി. സംഘം വ്യാപാരിയുടെ വാഹനം ഓടിച്ച് ചാമുണ്ഡിക്കുന്ന് കൊട്ടിലങ്ങാട് പാലത്തിനടുത്തെത്തിച്ചു. ഇവിടെ വെച്ച് കാറിന്റെ ഡാഷ് ബോക്സിൽ സൂക്ഷിച്ചിരുന്ന ഒന്നേമുക്കാൽ ലക്ഷം രൂപ അപഹരിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
കടയും പരിശോധിക്കണമെന്നും തങ്ങൾ പിന്നാലെ വാഹനത്തിൽ വരുമെന്നും സംഘം വ്യാപാരിയെ അറിയിച്ചിരുന്നതായി പറയുന്നു. വ്യാപാരി കടയിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ‘പൊലീസിനെ’ കാണാതായതോടെയാണ് പണം കൊള്ളയടിച്ചതാണെന്ന് മനസ്സിലാവുന്നത്. കെ.എൽ. 01 എന്ന നമ്പറിൽ തുടങ്ങുന്ന വെള്ള നിറത്തിലുള്ള കാറിലാണ് സംഘമെത്തിയത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടാപകൽ സംസ്ഥാന പാതയിൽ നടന്ന കൊള്ള നാട്ടുകാരെ ഞെട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.