ഓവർടേക്ക് ചെയ്താൽ കല്ലേറ്; പ്രതി അറസ്റ്റിൽ
text_fieldsകണ്ണൂർ: ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഗ്ലാസ് എറിഞ്ഞുതകർക്കുന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിൽ താമസിക്കുന്ന വാഴയിൽ ഹൗസിൽ സംഷീറിനെയാണ് (47) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസമായി താഴെചൊവ്വയിൽ വാഹനങ്ങൾക്കുനേരെ കല്ലെറിയുന്നതായി പരാതികൾ വന്നിരുന്നു.
ആംബുലൻസ് ഉൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങൾ പോകവേയായിരുന്നു പട്ടാപ്പകൽ കല്ലേറ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രികളുടെ ആംബുലൻസിന്‍റെ ഗ്ലാസുകൾ തകർത്ത സംഭവവുമുണ്ടായി. ഏഴ് പരാതികളാണ് പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം താണ സ്വദേശിയായ തസ്‍ലിമിന്‍റെ കാറിനുനേരെ കല്ലേറ് നടന്നതോടെയാണ് പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോഴാണ്, ബൈക്കിലെത്തിയ സംഷീർ കല്ലെറിയുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്. ബൈക്കിൽ സഞ്ചരിക്കുന്ന സംഷീർ തന്‍റെ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്കുനേരെ കല്ലെറിയുന്ന ദൃശ്യത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ബൈക്കിൽനിന്ന്, വാഹനങ്ങൾക്കുനേരെ എറിയാൻ ഉപയോഗിച്ച കരിങ്കല്ലുകൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.