വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസ്: പ്രതിയുടെ ജാമ്യ ഹരജി വീണ്ടും തള്ളി
text_fieldsകൊച്ചി: പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയുടെ ജാമ്യ ഹരജി ഹൈകോടതി വീണ്ടും തള്ളി. 2023 ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിന് സൈക്കിളിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആദിശേഖർ എന്ന വിദ്യാർഥിയെ മുൻവൈരാഗ്യത്തിന്റെ പേരിൽ പിന്നിൽനിന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധുകൂടിയായ പ്രതി തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രിയരഞ്ജന്റെ ജാമ്യ ഹരജിയാണ് ജസ്റ്റിസ് സോഫി തോമസ് തള്ളിയത്.
നവംബർ ഒന്ന് മുതൽ കേസിലെ വിചാരണ ആരംഭിക്കാനിരിക്കുന്നതിന്റെയും ജാമ്യത്തിൽ വിട്ടയക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും രാജ്യം വിടാനും ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. ക്ഷേത്രമതിലിനരികിൽ പ്രതി മൂത്രം ഒഴിച്ചതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. ഡ്രൈവിങ്ങിലെ അശ്രദ്ധയെന്ന വകുപ്പ് മാത്രമേ നിലനിൽക്കൂവെന്നിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കൊലക്കേസിൽ ഉൾപ്പെടുത്തിയതെന്നാണ് ഹരജിയിലെ ആരോപണം. കുട്ടിയെ കാത്തുനിന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാൽ, വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുമായി ഫോണിൽ സംസാരിച്ച് കാർ എടുത്തപ്പോൾ വിദ്യാർഥി സഞ്ചരിച്ച സൈക്കിളിൽ ഇടിക്കുകയായിരുന്നു. കുറ്റപത്രം നൽകിയിട്ടും വിചാരണനടപടി തുടങ്ങിയിട്ടില്ല. 10 മാസത്തിലേറെയായി ജയിലിലാണ്. വിചാരണ നടപടി ഇനിയും അനിശ്ചിതമായി നീളാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, നവംബറിൽ വിചാരണ ആരംഭിക്കാൻ ഷെഡ്യൂൾ തയാറായതായി സർക്കാർ വ്യക്തമാക്കി. പ്രതി മുമ്പ് വിദേശത്തായിരുന്നു. ഭാര്യ നിലവിൽ വിദേശത്തുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ നാടുവിടാൻ സാധ്യതയുണ്ട്. ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെയടക്കം ഭീഷണിപ്പെടുത്തിയും മറ്റും സ്വാധീനിക്കാനുള്ള സാധ്യതയുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
നേരത്തേ ഒന്നുമുതൽ 26 വരെയുള്ള പ്രധാന സാക്ഷികളുടെ പരിശോധന പൂർത്തിയായശേഷം പ്രതിക്ക് ജാമ്യത്തിന് വിചാരണക്കോടതിയിൽ അപേക്ഷ നൽകാം എന്ന് നിർദേശിച്ചായിരുന്നു ഹൈകോടതി ജാമ്യ ഹരജി തള്ളിയത്. ജാമ്യ ഹരജിയെ എതിർത്ത് കുട്ടിയുടെ അമ്മയും കക്ഷി ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.