ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്
text_fieldsകൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയശേഷം തമിഴ്നാട് സ്വദേശിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായാൽ ഉടൻ അറസ്റ്റ് ചെയ്യും. കടവന്ത്രയിൽ പൂക്കട നടത്തുന്ന കൃഷ്ണഗിരി സ്വദേശി നാരായണയാണ് ഭാര്യ ജോയമോളെയും (33) മക്കളായ ലക്ഷ്മികാന്ത് (എട്ട്), അശ്വന്ത് (നാല്) എന്നിവരെയും കൊലപ്പെടുത്തി കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്ചാർജായാൽ അറസ്റ്റുണ്ടാകുമെന്നും എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു.
നാരായണക്കെതിരെ സൗത്ത് പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഉറക്കഗുളിക നൽകിയും തുടർന്ന് ഷൂ ലെയ്സ് കഴുത്തിൽ കുരുക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ജോയമോളുടെയും മക്കളുടെയും പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക കണ്ടെത്തലും ഷൂ ലെയ്സ് കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ജോയമോളുടെ സ്വദേശമായ ആലപ്പുഴ പെരുമ്പളത്ത് മൂവരുടെയും സംസ്കാരം നടത്തി. ശനിയാഴ്ച രാവിലെയാണ് നഗരത്തെ നടുക്കി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ച വാർത്ത പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.