അനക്കമില്ലാതെ കിടന്നത് കൊണ്ട് സൈനബയ്ക്കും സഫിയക്കും ജീവൻ തിരിച്ച് കിട്ടി; സുനില്‍കുമാര്‍ പദ്ധതിയിട്ടത് കൂട്ടക്കൊലനടത്താന്‍
text_fieldsഅടിമാലി: ഉറങ്ങി കിടന്ന ബാലനെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുനില്‍കുമാര്‍ (ഷാന്‍ 46) കൂട്ടക്കൊലനടത്താന്‍ പദ്ധതിയിട്ടിരുന്നതായി മൊഴി നല്‍കി. തന്നെയും കൂടെ താമസിക്കുന്ന ലൈലയേയും അകറ്റുന്നതിന് ലൈലയുടെ മാതാവ് വടക്കേത്താഴം സൈനബ(79) ശ്രമം നടത്തി.ഇതിന് സഫിയ(40)യും ഒത്താശ ചെയ്തിരുന്നെന്നും ഇതോടെ വാടക വീട്ടിലേക്ക് മാറേണ്ടി വന്നതായും സുനില്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കി.
നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 14 കാരി കേണപക്ഷിച്ചതോടെ വിട്ടയക്കുകയും ചെയ്തു. ചുറ്റിക ഉപയോഗിച്ച് സൈനബയെയും സഫിയയേയും അടിച്ച് വീഴ്ത്തി. ഇവര്‍ അനക്കമില്ലാതെ കിടന്നത് ഇവര്‍ മരിച്ചതായി കരുതിയെന്നും പൊലീസ് പിടിയിലായശേഷമാണ് ഇവര്‍ രക്ഷപെട്ട വിവരം അറിയുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഉറക്കത്തിലായിരുന്ന അല്‍ത്താഫ് ആദ്യത്തെ അടിയില്‍ തന്നെ മരിച്ചിരുന്നതായും സുനില്‍കുമാര്‍ പറഞ്ഞു. സഫിയ ഭര്‍ത്താവുമായി പിണങ്ങി ഒറ്റക്ക് താമസം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ലൈലയില്‍ നിന്ന് അകറ്റാന്‍ മാതാവ് ശ്രമിച്ചു. ഇതിനിടെ സഫിയയുമായി ബന്ധം സ്ഥാപിക്കാനും ശ്രമിച്ചു. ഇത് മാതാവ് സൈനബ അംഗീകരിക്കാതെ വന്നത് പക വര്‍ദ്ധിക്കാന്‍ കാരണമായി.
കൃത്യത്തിന് ശേഷം ചെങ്കുളം അണക്കെട്ടിനോട് ചേര്‍ന്ന് പകല്‍ ഒളിവിലിരുന്നു. രാത്രിയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറബില്‍ സുനില്‍കുമാറിന് ഇവിടെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. രാവിലെ 10 ന് സുനില്‍കുമാറിനെ കൊലപാതകം നടന്നവീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉണ്ടായത് കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാണ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലക്ക് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതി താമസിക്കുന്ന സ്ഥലവും പൊലീസ് വിശദമായി പരിശോധിച്ചു. ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോളിന്‍റെ നേത്യത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കും. ഇയാളുടെ ആക്രമണത്തിന് ഇരയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സൈനബയും സഫിയയും അപകട നില തരണം ചെയ്തു. ഇവരുടെ വിശദ മൊഴി രേഖപ്പെടുത്തിയശേഷമായിരിക്കും തുടരന്വേഷണമെന്ന് ഇടുക്കി ഡിവൈ.എസ്.പി പറഞ്ഞു.
പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ പ്രതിക്കെതിരെ പൊലീസ് ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അല്‍ത്താഫിനെ ആനച്ചാല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി തന്നെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.