ബലാത്സംഗ പരാതി നൽകുമെന്ന് ഭയം; യുവതിയെ കൊന്ന് മുഖം വികൃതമാക്കി റെയിൽവേ പാളത്തിൽ തള്ളിയ 38കാരൻ അറസ്റ്റിൽ
text_fieldsമുംബൈ: ബലാത്സംഗ പരാതി നൽകുമെന്ന ഭയത്തിൽ യുവതിയെ കൊന്ന് മുഖം വികൃതമാക്കി റെയിൽവേ ട്രാക്കിൽ തള്ളിയ 38കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലാണ് സംഭവം.
38കാരനായ വിനയ് റായ്യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊലപ്പെടുത്തിയതായി വിനയ് പൊലീസിനോട് സമ്മതിച്ചു. കഴുത്തറുത്ത നിലയിലും മുഖത്ത് മുറിവുണ്ടാക്കി തൊലി നീക്കം ചെയ്ത നിലയിലുമായിരുന്നു മൃതദേഹം.
ഫാക്ടറി ജീവനക്കാരനായ വിനയ് ഭാര്യയും കുട്ടികളുമായി സൂറത്ത് ജില്ലയിലെ കരാങ് ഗ്രാമത്തിലാണ് താമസം. രണ്ടുവർഷമായി കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു. 10 ദിവസം മുമ്പ് വിനയ് യുവതിയെ സൂറത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് യുവതിക്ക് നേരത്തേ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും അയാൾക്കെതിരെ ബലാത്സംഗ പരാതി നൽകിയിരുന്നതായും അറിയുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ തനിക്കെതിരെയും ബലാത്സംഗ പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പരാതി നൽകാതിരിക്കാനാണ് കൊലപാതകമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
വിനയ് സ്ത്രീയെ ട്രെയിനിൽ നന്ദൂർബാറിെലത്തിക്കുകയും അവിടെനിന്ന് വിദൂര സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെവെച്ചായിരുന്നു കൊലപാതകം. ശേഷം വിനയ് തിരികെ ഗ്രാമത്തിലെത്തുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ആഗസ്റ്റ് 24നാണ് യുവതിയുടെ മൃതദേഹം നന്ദൂർബാറിലെ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കൂടാതെ മുഖത്ത് നിരവധി മുറിവുകൾ ഉണ്ടാക്കുകയും തൊലി നീക്കം ചെയ്യുകയും ചെയ്തിരുന്നു. യുവതിയെ തിരിച്ചറിയാതിരിക്കാനാണ് മുഖം വികൃതമാക്കിയതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.