സൂര്യഗായത്രി കൊലക്കേസ്; ആത്മരക്ഷാർഥം കുത്തിയെന്ന പ്രതിയുടെ വാദം പൊളിഞ്ഞു
text_fieldsതിരുവനന്തപുരം: സൂര്യഗായത്രി കൊലപാതകക്കേസിന്റെ സാക്ഷിവിസ്താരം പൂർത്തിയായി. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി കുത്തിയതാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു. കൊലക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതിഭാഗം ഉയര്‍ത്തിയ ഈ പ്രതിരോധം അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതിയെ പരിശോധിച്ച ഡോക്ടറെയും വിസ്തരിച്ച് പ്രോസിക്യൂഷന് തകര്‍ത്തു. നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലക്കേസിന്റെ വിചാരണയിലെ അന്തിമഘട്ടത്തിലായിരുന്നു പ്രതിഭാഗവും പ്രോസിക്യൂഷനും പ്രതിരോധം തീര്‍ത്തത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ കൈക്ക് പറ്റിയ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോളുണ്ടായതാണെന്ന് പ്രതി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോന്‍ കോടതിയില്‍ മൊഴി നല്കി.
മുറിവ് കത്തി മടക്കിയപ്പോള്‍ ഉണ്ടായതാകുമെന്ന് പ്രതിയെ പരിശോധിച്ച ഡോക്ടര്‍ അബിന്‍ മുഹമ്മദും കോടതിയെ അറിയിച്ചു. സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന് പ്രതിഭാഗം ചോദ്യത്തിന് മറുപടി നല്കി.
ശാരീരിക വൈകല്യമുള്ള സൂര്യഗായത്രിയുടെ മാതാവ് വത്സല ഇഴഞ്ഞാണ് മൊഴി നല്കാന് കോടതിയിലെത്തിയത്. പ്രതി മകളെ കുത്താന്‍ ഉപയോഗിച്ച കത്തി കോടതിയില്‍ കണ്ട് തിരിച്ചറിഞ്ഞ വത്സല പൊട്ടിക്കരഞ്ഞു. സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നെന്ന് ഫോറന്‍സിക് വിദഗ്ധരായ ലീന വി. നായര്‍, ഷഫീക്ക, വിനീത് എന്നിവര്‍ മൊഴി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.