സൂര്യഗായത്രിയെ കുത്തിക്കൊന്ന കേസ്; പ്രതി അരുൺ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന ശിവദാസ്-വത്സല ദമ്പതികളുടെ മകളായ സൂര്യഗായത്രിയെ (20) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും.
കൊലപാതകം, കൊലപാതകശ്രമം, ഭവന കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല, പിതാവ് ശിവദാസ് എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യഗായത്രി താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരിക വൈകല്യമുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. വീടിന്‍റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട് അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അവരെയും അരുണ്‍ കുത്തി.
സൂര്യയുടെ തല മുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്. കേസിൽ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി.
വലിയമല സർക്കിൾ ഇൻസ്‌പെക്ടറും നിലവിൽ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പിയുമായ ബി.എസ്. സജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വി. സനൽരാജ്, എസ്. ദീപ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.