നിരവധി മോഷണക്കേസുകളിലെ പ്രതിയും ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ മോഷ്ടാവും അറസ്റ്റിൽ
text_fieldsതിരുവല്ല: നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും ഇയാൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ മോഷ്ടാവും പുളിക്കീഴ് പോലീസിന്റെ പിടിയിലായി. നിരണം കോട്ടാങ്ങൽ വീട്ടിൽ ജെ.പി. എന്ന് അറിയപ്പെടുന്ന ജയപ്രകാശ് (49), ഇയാൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ ചെങ്ങന്നൂർ പ്രാവിൻകൂട് കാവനാൽ വീട്ടിൽ അജി എബ്രഹാം ( 55 ) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ പതിനേഴാം തീയതി നിരണം എസ് ബി.ഐക്ക് സമീപമുള്ള അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് നടത്തിയ മോഷണ ശ്രമത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് . മോഷണ ശ്രമം നടന്ന നിരണത്തെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
അജി എബ്രഹാമിന്റെ പ്രാവിൻകൂട്ടിലെ വീട്ടിൽ ജയപ്രകാശ് ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് അടച്ചിട്ടിരിക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രി എത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.
ജനാലയുടെയും കതകിന്റെയും വാതിലുകൾ കുത്തി തുറക്കാൻ ഉപയോഗിക്കുന്ന ഇരുവശവും വളഞ്ഞ പാര ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഒരു സ്കൂട്ടറും ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജയപ്രകാശിനെതിരെ പുളിക്കീഴ്, തിരുവല്ല, കീഴ്വായ്പൂർ, കോയിപ്രം തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ 40 ഓളം മോഷണം കേസുകൾ നിലവിലുണ്ടെന്നും ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. ഇയാൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ അജി എബ്രഹാം റെയിൽവേയുടെ സാധനസാമഗ്രികൾ മോഷ്ടിച്ചതടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എസ് ഐ ജെ. ഷെജീം പറഞ്ഞു.
പ്രതിയെ ഒളിപ്പിച്ചതിന് അജി എബ്രഹാമിനെ പ്രതിയാക്കിയും കേസെടുത്തിട്ടുണ്ട്. ജയപ്രകാശിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ പുളിക്കീഴ്, തിരുവല്ല പോലീസ് സ്റ്റേഷൻ പരിധികളിൽ അടുത്തിടെ നടന്ന ഒട്ടേറെ മോഷണ കേസുകളിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എസ് ഐ പറഞ്ഞു. ഇരുവരെയും വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
സി ഐ ഇ. അജീബ്, എസ്.ഐമാരായ ജെ. ഷെജിം , ഷിജു പി സാം, എസ്.എസ് അനിൽ, സി.പി.ഒ മാരായ അനൂപ് , രൂപേഷ്, സുദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.