ബൈക്കിലെത്തി മാല കവർച്ച പ്രതികൾ കാണാമറയത്ത്; നാട്ടുകാർ ഭീതിയിൽ
text_fieldsകൊല്ലങ്കോട്: ബൈക്കിലെത്തി മാല കവരുന്ന സംഘം വിലസുന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. രണ്ട് മാസത്തിനിടെ നാല് പേരുടെ മാലയാണ് വ്യത്യസ്ത സ്ഥലങ്ങളിലായി ബൈക്കിലെത്തിയവർ കവർന്നത്. കഴിഞ്ഞ ദിവസം എലവഞ്ചേരിയിൽ കാൽനട യാത്രക്കാരിയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിക്കുന്നതിനിടെ ഒരു പവൻ വരുന്ന മാലയുടെ ഭാഗം നഷ്ടപ്പെട്ടിരുന്നു. എലവഞ്ചേരി പടിഞ്ഞാമുറിയിൽ സജീവിന്റെ ഭാര്യ ആദിഷയുടെ (28) മാലയുടെ ഭാഗമാണ് നഷ്ടപ്പെട്ടത്. മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം മൂന്നരയോടെ പി.എസ്.സി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വട്ടപ്പാംകുളത്താണ് സംഭവം. ബൈക്കിലെത്തിയയാൾ ആദിഷയുടെ സ്വർണമാല പൊട്ടിക്കുന്നതിടെ നഷ്ടപ്പെടാതിരിക്കാൻ നടത്തിയ ശ്രമത്തിലാണ് വലിയൊരു ഭാഗം തിരിച്ചുകിട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച ബൈക്കിലെത്തി വഴി ചോദിച്ച യുവാവും യുവതിയും വൃദ്ധയുടെ രണ്ട് പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടിരുന്നു. പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിൽ താമസിക്കുന്ന ആർ. കാളിയുടെ (78) മാലയാണ് തട്ടിയെടുത്തത്.
സെപ്റ്റംബർ ഒന്നിന് വഴിയാത്രക്കാരിയുടെ മാല കവർന്ന പ്രതികളെയും പിടികൂടാനായിട്ടില്ല. ചെങ്ങംപൊറ്റ ദേവകിയുടെ (80) രണ്ട് പവൻ സ്വർണമാലയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ കവർന്നത്. ക്ഷേത്രത്തിലേക്ക് പോയി തിരിച്ചുവരുന്ന വഴി പാറക്കളം വായനശാലക്കടുത്താണ് സംഭവം. രണ്ടുപേരും ഹെൽമറ്റ് ഉപയോഗിച്ചിരുന്നു. ബൈക്കിന്റെ നമ്പർ മഞ്ഞ പെയിന്റ് ഉപയോഗിച്ച് മറച്ചത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.