ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ പ്രതികൾ കാസർകോട്ട് പിടിയിൽ
text_fieldsആറ്റിങ്ങൽ: പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോട്ടയം വൈക്കം കൊതവര പഞ്ചായത്ത് ഓഫിസ് സമീപം ചക്കാലക്കൽ വീട്ടിൽനിന്ന് ബംഗളൂരു ഇലഹങ്ക ശിവനഹള്ളി വസവേശ്വര നഗർ നമ്പർ 49 ൽ താമസിക്കുന്ന റോയ് സി. ആൻറണി (47), കോഴിക്കോട് ചെലവൂർ അംഗൻവാടിക്ക് സമീപം ഷാൻ എന്ന ഷംനാദ് (33), ആലപ്പുഴ ചേർത്തല പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽ വീട്ടിൽ ഫ്രെഡി എന്ന നെൽസൺ (33), കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ പോസ്റ്റ് ഓഫിസിന് സമീപം പൊറ്റമ്മൽ ഹൗസിൽ ഹർഷാദ് (32) എന്നിവരാണ് പിടിയിലായത്. കിഴുവിലം വലിയകുന്ന് ദേശത്ത് ഗെസ്റ്റ് ഹൗസിന് സമീപം സരോജം വീട്ടിൽ നിഷാന്തിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്.
ബിസിനസ് സംബന്ധമായ തർക്കത്തെതുടർന്ന് നിഷാന്ത് പ്രതികൾക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞാണ് പ്രതികൾ നിഷാന്തിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. പൊലീസ് പ്രതികൾക്കായി വ്യാപകമായ അന്വേഷണം നടത്തുകയും പ്രതികൾ സഞ്ചരിച്ച വാഹനത്തിലെ ജി.പി.എസ് സംവിധാനം വഴി പ്രതികളുടെ സങ്കേതം മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് കാസർകോട്ടുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ, ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്.ഐ അഭിലാഷ്, എസ്.ഐ രാജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ റിയാസ്, സൈദലി, നന്ദൻ എന്നിവർ ചേർന്ന സംഘമാണ് കാസർകോട്ടുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.