പിടിച്ചെടുത്ത ഹാൻസ് മറിച്ചുവിറ്റു; എ.എസ്.ഐയടക്കം രണ്ട് പൊലീസുകാർ അറസ്റ്റിൽ, സസ്പെൻഷൻ
text_fieldsകോട്ടക്കൽ (മലപ്പുറം): നശിപ്പിക്കാൻ കോടതി ഉത്തരവിട്ട ലഹരി വസ്തുക്കൾ മറിച്ചുവിറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കോട്ടക്കൽ എ.എസ്.ഐയും കോഴിക്കോട് സ്വദേശിയുമായ രചീന്ദ്രൻ (53), കോട്ടക്കൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കൊല്ലം കുണ്ടറ സ്വദേശി കലതിവിളവീട് സജി അലക്സാണ്ടർ (49) എന്നിവരെയാണ് ഡി.സി.ആർ.ബി ഡിവൈ.എസ്.പി മോഹനചന്ദ്രൻ അറസ്റ്റ് ചെയ്തത്.
ഇരുവരെയും അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി സുജിത് ദാസ് സസ്പെൻഡ് ചെയ്തു. ലഹരി ഉൽപന്നങ്ങളുമായി പിടിയിലായ പ്രതികളും ഇടനിലക്കാരനായി നിന്നയാളും ഇൗ കേസിലും പ്രതികളാകുമെന്നാണ് സൂചന.
കോട്ടക്കല്‍ സ്റ്റേഷന് പരിധിയില്‍ ഏപ്രില്‍ 21ന് 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നം പിടികൂടിയിരുന്നു. കോയമ്പത്തൂരില്‍നിന്ന് എത്തിച്ച 48,000 പാക്കറ്റ് ഹാന്‍സുമായി വളാഞ്ചേരി സ്വദേശികളായ രണ്ടുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതികളേയും പിടികൂടിയ ഹാന്‍സും കോടതിയില്‍ ഹാജരാക്കി. കോടതി നടപടിക്രമങ്ങള്‍ക്കിടെ വാഹനം വിട്ടുനല്‍കി. പിടിച്ചെടുത്ത ഹാന്‍സ് നശിപ്പിക്കാൻ കോടതി നിർദേശം നൽകി.
എന്നാല്‍, ഈ ഹാന്‍സിന് പകരം പഴകിയതും കേട് വന്നവയും സ്റ്റേഷനില്‍ എത്തിച്ച ശേഷം യഥാർഥ തൊണ്ടിമുതൽ പ്രതികൾക്കുതന്നെ കൈമാറിയെന്നാണ് പരാതി. തുടരന്വേഷണത്തിലാണ് സസ്പെന്‍ഷനിലായ പൊലീസുകാര്‍ ഇവ ഒന്നര ലക്ഷം രൂപക്ക് മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.
മറിച്ചുവില്‍ക്കാന്‍ ഏജൻറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് അറസ്റ്റുണ്ടായത്. ലഹരി വസ്തുക്കൾ സ്റ്റേഷനിൽ നിന്ന് കാണാതായതിനെ തുടർന്ന് കോട്ടക്കൽ പൊലീസും കേസെടുത്തിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.