വരവൂർ സ്കൂളിൽ വാൾ വീശിയ സംഭവം; രണ്ട് പേർക്കെതിരെ കേസ്
text_fieldsവരവൂർ: പൂർവവിദ്യാർഥി സംഗമം നടക്കുന്നതിനിടെ സ്കൂളിൽ യുവാവിനുനേരെ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വരവൂർ വളവ് മുണ്ടനാട്ട് പീടികയിൽ വീട്ടിൽ പ്രമിത്ത് (27), പുളിഞ്ചോട് പാലത്തുംമുട്ടിക്കൽ വീട്ടിൽ അഭിലാഷ് (അപ്പു -25) എന്നിവർക്കെതിരെയാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. തളി സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. വർഷങ്ങൾക്കുമുമ്പ് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. വരവൂർ സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ അബ്ദുൽ ഹക്കീം എത്തിയ വിവരമറിഞ്ഞ പ്രതികൾ വാളുമായി സ്കൂളിലെത്തി ആക്രമിക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയ പ്രതികളെ സംഘാടകർ അനുനയിപ്പിച്ച് പറഞ്ഞയച്ചു.
സ്കൂളിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ഹക്കീം സഞ്ചരിച്ച കാറിനെ പ്രതികൾ ബൈക്കിൽ പിന്തുടരുകയും കല്ലെറിയുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം വഴിയരികിലെ മതിലിൽ ഇടിച്ച് നിന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് പ്രമിത്തിനും അഭിലാഷിനും പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹക്കീം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാൾ സംഭവ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.