കോഴിക്കോട് മാളുകളിലും ബസുകളിലും കവർച്ച നടത്തുന്ന തമിഴ് സംഘം അറസ്റ്റിൽ
text_fieldsകോഴിക്കോട്: വീട്ടമ്മയുടെ നിശ്ചയദാർഢ്യത്തിൽ വൻ മോഷണ സംഘത്തിന്റെ കണ്ണികൾ വലയിലായി. ചൊവ്വാഴ്ച നരിക്കുനിയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ബസിൽ യാത്രചെയ്യുകയായിരുന്ന സുധ എന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചവരെ കൈയോടെ പിടികൂടിയതാണ് വൻ റാക്കറ്റിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ സഹായിച്ചത്.
തമിഴ്നാട്ടിലും കേരളത്തിലും വിവിധയിടങ്ങളിൽ മാളുകളും ഷോപ്പുകളും ബസുകളും മറ്റും കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്ന നാലംഗ സംഘമാണ് പിടിയിലായത്. തമിഴ്നാട് ദിണ്ഡിഗൽ കാമാക്ഷിപുരം അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38), വസന്ത (45), മകൾ സന്ധ്യ (25) എന്നിവരാണ് അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവി രാജ്പാൽ മീണയുടെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ കീഴിൽ മെഡിക്കൽ കോളജ് പൊലീസും ചേർന്ന് മോഷണസംഘത്തിലെ മുഴുവൻ പ്രതികളെയും വലയിലാക്കുകയായിരുന്നു. ചൊവ്വാഴ്ച നരിക്കുനിയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ബസിൽ യാത്രചെയ്യുകയായിരുന്ന സുധ എന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടെയാണ് പ്രതികളായ ദേവിയെയും സന്ധ്യയെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
സുധയുടെ സന്ദർഭോചിത ഇടപെടലാണ് വലിയ സംഘത്തെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്. തിരക്കേറിയ ബസിൽ കയറി കട്ടർ ഉപയോഗിച്ച് മാല പൊട്ടിക്കലാണ് ഇവരുടെ രീതി. മലപ്പുറം മക്കരപ്പറമ്പ് സ്കൂളിന് സമീപമുള്ള ലൈൻമുറി ക്വാർട്ടേഴ്സിൽ ഒരുവർഷത്തോളമായി താമസിക്കുന്ന കുടുംബത്തെ രാത്രി നടത്തിയ തിരച്ചിലിൽ തന്ത്രപൂർവം പിടികൂടുകയായിരുന്നു. പ്രതികളിൽനിന്ന് സ്വർണം തൂക്കുന്നതിനുള്ള യന്ത്രം, കട്ടിങ് ടൂൾ, മോഷ്ടിച്ച മൊബൈൽ ഫോൺ, സ്വർണം, പണം, പഴ്സുകൾ എന്നിവയും കണ്ടെടുത്തു.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലുള്ള വിവരപ്രകാരം പരാതിക്കാരെ നേരിട്ടുകണ്ട് വിവരങ്ങൾ ചോദിച്ചതിൽ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്തർസംസ്ഥാന സ്ത്രീകളും പുരുഷന്മാരുമാണെന്ന് കണ്ടെത്തിയിരുന്നു. സി.സി ടി.വി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും മനസ്സിലാക്കി. സ്പെഷൽ ആക്ഷൻ ഗ്രൂപ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ കർണാടക, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കഴിഞ്ഞ 28ന് നരിക്കുനിയിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്ക് പോയ സുധയുടെ മാല ബസിൽവെച്ച് പൊട്ടിച്ചെടുക്കുന്നതിനിടെ രണ്ട് സ്ത്രീകളെ പിടികൂടിയിരുന്നു.
മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്നാട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ അയ്യപ്പനെയും മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്തതിൽ തൊണ്ടയാട്ട് പണവും രേഖകളുമടങ്ങിയ പഴ്സും അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദകശ്ശേരി അമ്പലത്തിൽ തൊഴാൻ നിൽക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാല കവർന്നതും ഇവരാണെന്ന് സമ്മതിച്ചു. അന്വേഷണ സംഘത്തിൽ സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ആർ. റസൽ രാജ്, കോയക്കുട്ടി, ശ്രീജയൻ, പൊലീസ് ഓഫിസർ സിനീഷ്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ എം. റംഷിദ, എൻ. വീണ, സന്ധ്യ ജോർജ്, സൈബർ സെല്ലിലെ രൂപേഷ് നടുവണ്ണൂർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.