ടാക്സി ഡ്രൈവർ ശശിധരൻ വധം: മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു
text_fieldsകൊച്ചി: മൂവാറ്റുപുഴയിലെ ടാക്സി ഡ്രൈവർ ശശിധരൻ വധക്കേസിലെ മൂന്ന് പ്രതികളെയും ഹൈകോടതി വെറുതെവിട്ടു. ജീവപര്യന്തവും രണ്ടുലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച എറണാകുളം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോതമംഗലം കുത്തുകുഴി സ്വദേശി മുടിയൻ എന്ന വി.ആർ. സന്ദീപ്, എളവനാട് സ്വദേശി അരുൺ സുകുമാരൻ, കുട്ടമംഗലം സ്വദേശി തമ്പി എന്ന വിനോജ് എന്നിവരെ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വെറുതെ വിട്ടത്.
വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ 2008 സെപ്തംബർ 22ന് കാണാതായ ശശിധരന്റെ മൃതദേഹം പോത്താനിക്കാടിന് സമീപം കാളിയാർ പുഴയിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. കാർ ഉപേക്ഷിച്ച നിലയിൽ തമിഴ്നാട് ആനമലയിൽനിന്ന് ലഭിച്ചു. സവാരി വിളിച്ച പ്രതികൾ ശശിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കൈകാൽ ബന്ധിച്ച് പുഴയിൽ തള്ളിയെന്നായിരുന്നു കേസ്. ആലുവയിലെ സമാനമായ കേസിന്റെ ചുവടുപിടിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. എന്നാൽ, സാക്ഷിമൊഴികളിൽ വൈരുധ്യവും തെളിവുകളിൽ പൊരുത്തക്കേടുകളുണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം.
പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനാവില്ലെന്ന് സൂചിപ്പിക്കുന്ന സംശയങ്ങൾ ഫോറൻസിക് വിദഗ്ദ്ധർ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ഡിവിഷൻ ബെഞ്ച് സാഹചര്യത്തെളിവുകൾ സ്ഥാപിച്ചെടുക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെ വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.