പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മൂന്നാംതവണ
text_fieldsതാനൂർ: പോക്സോ കേസിൽ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്നിലെ പുളിക്കത്തൊടിതാഴം അഷ്റഫാണ് (53) പിടിയിലായത്. നഗരസഭയിലെ പ്രൈമറി വിദ്യാലയത്തിലെ അധ്യാപകനാണ്. താനൂർ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദ്യാർഥികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇയാളെ മുമ്പും അറസ്റ്റ് ചെയ്തിരുന്നു. പരപ്പനങ്ങാടിയിലെ സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന രക്ഷിതാവിെൻറ പരാതിയിൽ 2012ലായിരുന്നു ആദ്യ അറസ്റ്റ്. അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു അന്നത്തെ പരാതി. ഐപിസി 377 വകുപ്പ് പ്രകാരമായിരുന്നു കേസ്. അഞ്ചുവര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി.
പിന്നീട് ജോലി ചെയ്ത കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളിലും 2019ല്‍ അധ്യാപകനെതിരേ ലൈംഗികാതിക്രമ പരാതിയുയര്‍ന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം റിമാന്‍ഡിലായ അഷ്‌റഫ്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് സര്‍വിസില്‍ തിരികെ പ്രവേശിച്ചത്. ഇതിനുപിന്നാലെയാണ് സമാനമായ പരാതി ഉയര്‍ന്നത്. കരിപ്പൂരിലെ പോക്‌സോ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഷ്‌റഫ് വീണ്ടും സ്‌കൂളില്‍ ജോലിയില്‍പ്രവേശിച്ചത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ ഷമീം മഹ്ദി അറസ്റ്റിൽ; പിടികൂടിയത് ഇൻസ്റ്റ ഗ്രാമിൽ വിഡിയോ ചെയ്ത് മണിക്കൂറുകൾക്കകം
നാദാപുരം (കോഴിക്കോട്): കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റ ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത ഗുണ്ട അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ചാണ്ടി ഷമീം എന്ന ഷമീം മഹ്ദിയെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ പൊലീസിന്‍റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ വെച്ച് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്‍റെ വീട്ടിൽ എത്തിയത്.
ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്. സ്ഥലത്ത് നിന്നും പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 'സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്'- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.
എ.എസ്.ഐ മനോജ് രാമത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ് മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ കീഴടക്കിയത്.
അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഷമീം മഹ്ദിയുടെ ഭീഷണിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.