ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിൽ
text_fieldsതാമരശ്ശേരി: കള്ളനോട്ടു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അധ്യാപകൻ വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിൽ. നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഇങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാം (36) നെയാണ് കോഴിക്കോട് റൂറൽ എസ്.പി പി. നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വയനാട് ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനക്കിടയിലാണ് വെള്ളിയാഴ്ച രാവിലെ ഇയാളുടെ വീട്ടിൽനിന്ന് 17,38,000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കഴിഞ്ഞ ജൂണിൽ കള്ളനോട്ട് കൈമാറിയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘത്തെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ഹിഷാം ഉൾപ്പെടെ അഞ്ചുപേരെക്കൂടി അറസ്റ്റ് ചെയ്തത്. കർണാടകയിലെ ബംഗളൂരുവിലും ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകക്കെടുത്ത് പ്രിന്ററുകളും സ്കാനറുകളും മറ്റുമുപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടാണ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ അധ്യാപകനായ ഇയാൾ പെരുമാറ്റ ദൂഷ്യത്തിന് സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് കള്ളനോട്ട് കേസിലെ പ്രതിയാവുന്നത്. നരിക്കുനിയിലെ കള്ളനോട്ട് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. പിടിയിലായ ഹിഷാം 80 ദിവസത്തോളം റിമാൻഡിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുകയായിരുന്നു.
താമരശ്ശേരി ഇൻസ്പെക്ടർ ഷിജു, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ ഇ.കെ. മുനീർ, എസ്.സി.പി.ഒമാരായ എൻ.എം. ഷാഫി, ജയരാജൻ പനങ്ങാട്, ജിനീഷ്, എ.എസ്.ഐ ഷൈനി, സി.പി.ഒ ജിതിൻ, സൈബർ സെൽ അംഗങ്ങളായ അമൃത, എം.കെ. ഷരേഷ്, വി. ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ടടക്കം പ്രതിയെ പിടികൂടിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.