മോഷണത്തിനിടെ റിട്ട. അധ്യാപികയുടെ കൊലപാതകം: ഒന്നാം പ്രതിയെ വെറുതെവിട്ടു
text_fieldsകൊച്ചി: തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈകോടതി വെറുതെവിട്ടു. തിരുവനന്തപുരം വെൺപകൽ മേലേപുത്തൻവീട്ടിൽ റോസമ്മയെ (70) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം മഞ്ഞക്കോട് പുളിച്ചിമാവുനിന്ന വീട്ടിൽ ബിജുവെന്ന ബിജുകുമാറിനെയാണ് നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്. പ്രതിയെ ശിക്ഷിക്കാൻ മതിയായതല്ല പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യ തെളിവുകളെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
2005 ഏപ്രിൽ രണ്ടിന് രാത്രി റോസമ്മയുടെ വീട്ടിൽ ഓടിളക്കി അകത്തുകയറിയ ബിജുവും രണ്ടാംപ്രതി പ്രമോദും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണവും പണവും കവർന്നെന്നാണ് കേസ്. പ്രമോദ് ഇപ്പോഴും ഒളിവിലാണ്. ബിജുവിനെതിരെ ആദ്യം സമർപ്പിച്ച കുറ്റപത്രം പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മടക്കിയശേഷം പുതുക്കിനൽകിയ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിചാരണ. തുടർന്ന് വിധിച്ച ശിക്ഷ ചോദ്യംചെയ്ത് ബിജു അപ്പീൽ ഹരജി നൽകുകയായിരുന്നു.
തൊണ്ടിമുതൽ കണ്ടെടുക്കുന്നതിലും വിരലടയാളം ശേഖരിച്ച് പരിശോധിക്കുന്നതിലും കാലതാമസം വരുത്തിയതടക്കം തെളിവുശേഖരണ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായതായി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വിചാരണക്ക് വിധേയനാകാത്ത രണ്ടാംപ്രതി പ്രമോദിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന വിചാരണ കോടതിയുടെ രേഖപ്പെടുത്തൽ വിചാരണയെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം നിഗമനങ്ങൾ വിചാരണ കോടതികൾ ശ്രദ്ധയോടെ നടത്തണമെന്ന് നിർദേശിച്ച ഹൈകോടതി, ഉത്തരവിൽനിന്ന് ഈ കണ്ടെത്തൽ നീക്കംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.