പതിനേഴുകാരി സ്വന്തം വീട്ടിൽ നിന്ന് കവർന്നത് 1.9 കിലോ സ്വർണം; കാരണമറിഞ്ഞ് അമ്പരന്ന് പൊലീസും കുടുംബവും
text_fieldsബംഗളൂരു: പതിനേഴുകാരി സ്വന്തം വീട്ടിൽ നിന്ന് കവർന്നത് 1.9 കിലോ സ്വർണവും അഞ്ചു കിലോ ഗ്രാം വെള്ളിയും പണവും. ബംഗളൂരു ബ്യാതരായനപുരയിലാണ് സംഭവം.ഇൻഷുറൻസ് തുക അടയ്ക്കാൻ പണം എടുക്കാൻ അലമാര തപ്പിയപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. വീട്ടിൽ മോഷണം നടന്നതായിരിക്കുമെന്നാണ് സോഫ്റ്റ്വെയർ എൻജിനിയർ കൂടിയായ പെൺകുട്ടിയുടെ പിതാവ് ആദ്യം കരുതിയത്. സംശയം തോന്നി പതിനേഴുകാരിയായ മകളെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്.
20 വയസ്സുകാരനായ ആൺ സുഹൃത്തിനുവേണ്ടിയാണ് സ്വർണവും പണവും കവർന്നതെന്നാണ് പെൺകുട്ടി പറയുന്നത്. പലപ്പോഴായി കാമുകൻ ആവശ്യപ്പെട്ടത് പ്രകാരം താൻ വീട്ടിൽ നിന്ന് സ്വർണവും പണവും വെള്ളി ആഭരണങ്ങളും മോഷ്ടിച്ച് കൊടുത്തുവെന്നും പെൺകുട്ടി അച്ഛന് മുൻപിൽ കുറ്റസമ്മതം നടത്തി. തന്നെ ബ്ലാക്‌മെയിൽ ചെയ്താണ് ഇതെല്ലാം ചെയ്യിച്ചതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് 20 വയസ്സുകാരനായ ബികോം വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കവർച്ചയ്ക്കു പുറമേ പോക്സോ വകുപ്പ് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
പണവും സ്വർണവും വീട്ടിൽ നിന്ന് എടുത്തു നൽകിയില്ലെങ്കിൽ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കോളേജ് ചുമരിൽ ഒട്ടിക്കുമെന്നും യുവാവ് പറഞ്ഞതായി പെണ്‍കുട്ടി മൊഴി നൽകി. സ്വർണവും,വെള്ളിയും കൂടാതെ പലതവണയായി 5000,10,000, 20,000 രൂപയും നൽകിയതായും ഒടുവിൽ രണ്ട് ലക്ഷം രൂപ ചോദിച്ചെന്നും പെൺകുട്ടി പറയുന്നു.
ഓഗസ്റ്റ് എട്ടിന് വീട്ടിൽ പരിശോധന നടത്തിയപ്പോൾ തടസ്സം നിന്നതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനെതുടർന്നാണ് മകൾ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സമ്മതിച്ച പ്രതി ബ്ലാക്‌മെയിൽ ചെയ്‌തെന്ന ആരോപണം നിഷേധിച്ചു. കുട്ടിയുടെ പക്കൽ നിന്ന് പലപ്പോഴായി സ്വർണവും പണവും കൈപ്പറ്റിയതായി ഇയാൾ സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.