മീറ്ററിൽ കാണിച്ചത് 106 രൂപ, ഈടാക്കിയത് 3500 രൂപ; മുംബൈയിൽ യാത്രക്കാരനിൽ നിന്ന് പണം തട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsമുംബൈ: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സംഗ്ലിയിലേക്ക് ഓട്ടോ ചാർജ് ആയി 3500 രൂപ ഈടാക്കിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. യു.എസിൽനിന്നെത്തിയ ആളോടാണ് ഓട്ടോ ഡ്രൈവറായ റിതേഷ് കദം(26) ഇത്രയും പണം ഈടാക്കിയത്. യു.എസിൽ നിന്ന് നാട്ടിലേക്ക് വന്ന കൗമാരക്കാരനായിരുന്നു യാത്രക്കാരൻ. ഇക്കഴിഞ്ഞ ഡിസംബർ 14നായിരുന്നു സംഭവം. ഓട്ടോയുടെ മീറ്ററിൽ 106 രൂപയാണ് കാണിച്ചത്. എന്നാൽ ഇത്രയും ദൂരം ഓടിയതിന് 3500 രൂപ വേണമെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. എന്നാൽ യാത്രക്കാരൻ പണം കൊടുക്കാൻ തയാറായില്ല.
തുടർന്ന് ഫോണിൽ മറ്റൊരാളെ വിളിച്ചുവരുത്തി യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ പണമായി 1000 രൂപയും ഗൂഗ്ൾ പേ വഴി 2500 രൂപയും ഓട്ടോ ഡ്രൈവർക്ക് നൽകാൻ യാത്രക്കാരൻ നിർബന്ധിതനായി. എന്നാൽ ഇറങ്ങുന്നതിന് മുമ്പ് ഓട്ടോയുടെ നമ്പർ പ്ലേറ്റിന്റെലെ രജിസ്ട്രേഷൻ നമ്പറിന്റെയും മീറ്റർ റീഡിങ്ങിന്റെയും ഫോട്ടോ എടുക്കാൻ യാത്രക്കാരൻ മറന്നില്ല.ഇതു വെച്ച് മുംബൈ പൊലീസിന് ഇ-മെയിൽ ആയി പരാതി അയക്കുകയും ചെയ്തു. പരാതിയിൽ കേസെടുത്ത മുംബൈ പൊലീസ് ഡിസംബർ 17ന് റിതേഷിനെ അറസ്റ്റ് ചെയ്തു.
രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയ്താണ് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായതിനു പിന്നാലെ ഇയാൾ കുറ്റമേറ്റു പറഞ്ഞു. പണം അത്യാവശ്യമായതിനാലാണ് യാത്രക്കാരനിൽ നിന്ന് അധിക ചാർജ് ഈടാക്കിയതെന്നും പറഞ്ഞു. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ നിന്ന് മുംബൈയിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർ അധിക ചാർജ് ഈടാക്കുന്നുവെന്നതിനെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നതായി മുംബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.