ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് സജിത്ത് അറസ്റ്റിൽ
text_fieldsകൊട്ടാരക്കര: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ സജിത്തിനെയാണ് (36) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് സുബ്രമണ്യസ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂർകാവ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ഇരണൂർ ദുർഗാ ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ താമസിച്ച് ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന ഇയാളെ കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശപ്രകാരം കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. സംഘം റൂറൽ ജില്ലയിൽ ഒരു മാസമായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇയാൾ മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ ഒരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല. മുമ്പ് നടത്തിയ മോഷണ പരമ്പരകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 2016 മുതലാണ് ഇയാൾ ക്ഷേത്ര മോഷണം ആരംഭിച്ചത്. ക്ഷേത്രത്തിലെ പൂജാരിയായി ജോലിനോക്കിയിട്ടുള്ള പ്രതി ഓയൂർ കരിങ്ങന്നൂർ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂർ ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
ജയിൽ ശിക്ഷക്ക് ശേഷം ഈ വർഷം മാർച്ച് 30ന് പുറത്തിറങ്ങിയ പ്രതി ചാത്തന്നൂർ, എഴുകോൺ, ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിൽ ഉൾപ്പെടെ എട്ടോളം മോഷണങ്ങൾ നടത്തിയിരുന്നു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിൽ എസ്.ഐ ദീപു, എസ്.ഐ രാജീവ്, എസ്.ഐ ജോൺസൺ, സി.പി.ഒമാരായ ജയേഷ്, സലിൽ, കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.