കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ക്ഷേത്രപൂജാരിക്ക് 15 വർഷം ജയിൽശിക്ഷ
text_fieldsന്യൂഡൽഹി: 15കാരനെ പ്രകൃതിവിരുദ്ധ ലൈഗിക പീഡനത്തിന് ഇരയാക്കിയ പൂജാരിക്ക് 15 വർഷത്തെ കഠിന തടവ് വിധിച്ച് ഡൽഹിയിലെ അഡീഷനൽ സെഷൻസ് കോടതി. ക്ഷേത്രപരിസരം സ്ഥിരമായി വൃത്തിയാക്കിയിരുന്ന സന്നദ്ധപ്രവർത്തകനായ കൗമാരക്കാനെയാണ് പൂജാരി പീഡനത്തിന് ഇരയാക്കിയതെന്നും ഇത് കേസിന്‍റെ തീവ്രത വർധിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 2016ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഐ.പി.സി 377 (പ്രകൃതിവിരുദ്ധ പീഡനം), 506 (ക്രിമിനൽ കുറ്റകൃത്യം) വകുപ്പുകൾ, പോക്സോയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റം പ്രതി ചെയ്തതായി കണ്ടെത്തി. രണ്ട് മാസത്തോളം തുടർച്ചയായി ലൈംഗികോപദ്രവം ഏറ്റതോടെയാണ് കൗമാരക്കാരൻ പൊലീസിനെ സമീപിച്ചത്. വിശദമായ അന്വേഷണത്തിനു ശേഷം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കി കഴിഞ്ഞ മാസമാണ് പൂജാരി കുറ്റക്കാരനാണെന്ന് കോടതി തീർപ്പു കൽപ്പിച്ചത്.
കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അങ്കിത് അഗർവാൾ വാദത്തിനിടെ ആവശ്യപ്പെട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 43 വയസ്സായിരുന്നു പ്രായം. ജയിൽശിക്ഷക്കു പുറമെ കുറ്റക്കാരൻ 50,000 രൂപ പിഴയടക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.