ലഹരിമാഫിയയുടെ ക്രൂരതയിൽ രണ്ടു ജീവൻ പൊലിഞ്ഞ ഞെട്ടലിൽ തലശ്ശേരി
text_fieldsതലശ്ശേരി: ലഹരി മാഫിയയുടെ ക്രൂരതയിൽ കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ബുധനാഴ്ച വൈകീട്ടോടെയാണ് കൊടുവള്ളി സഹകരണ ആശുപത്രിക്കു മുന്നിൽ നാടിനെ നടുക്കിയ കൊലപാതകം. പൊതുജന മധ്യത്തിൽ ഒരു സംഘം മൂന്നു പേരെ മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തി ഏതാനും സമയത്തിനകം കെ. ഖാലിദ് മരിച്ചു. ഇദ്ദേഹത്തിന്റെ സഹോദരീഭർത്താവ് പൂവനാഴി ഷമീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
സംഭവം നടന്നയുടൻ രാഷ്ട്രീയ കൊലപാതകമാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഷമീറിന്റെ മകൻ ഷബീലിനെ ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത ലഹരി വിൽപന ചോദ്യം ചെയ്തതിന് ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനുനയത്തിനെന്ന വ്യാജേന ആശുപത്രിക്ക് മുന്നിലെത്തി വിളിച്ചിറക്കിയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കൊല നടത്തിയത്.
നാലുപേരാണ് അക്രമിസംഘത്തിലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. കണ്ണൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ആശുപത്രിയിലും സംഭവസ്ഥലത്തും പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം നെട്ടൂർ ബ്രാഞ്ചംഗവും തലശ്ശേരി ഫ്രൂട്ട്സ് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുമാണ് കൊല്ലപ്പെട്ട ഷമീർ. മുമ്പ് കണ്ണൂർ സിറ്റിയിൽവെച്ച് ഹോട്ടൽ ഉടമ ലഹരി മാഫിയയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ നിസ്സാര കാര്യത്തിന് മാഫിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾക്കകമാണ് തലശ്ശേരിയിലും പട്ടാപ്പകൽ രണ്ടുപേരെ വെട്ടിക്കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.