നിരവധി ക്രിമിനൽ കേസിലെ പ്രതിയെ വീടുവളഞ്ഞ് പിടികൂടി
text_fieldsആറ്റിങ്ങൽ: റൗഡി ലിസ്റ്റിൽപ്പെട്ട നിരവധി ക്രിമിനൽ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് മേൽകടയ്ക്കാവൂർ പഴഞ്ചിറ പറകുന്ന് വീട്ടിൽ കൊച്ചമ്പു എന്ന് വിളിക്കപ്പെടുന്ന അബിൻ കുമാറിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ പറകുന്ന് കോളനിയിലെ യുവജന കേന്ദ്രത്തിന്റെ വാതിലും ഉപകരണങ്ങളും അടിച്ചുതകർക്കുന്നതായി പരാതി കിട്ടിയതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ആണ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
19ന് രാത്രി എട്ടിനാണു സംഭവം നടന്നത്. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 ന് ഡ്രസും ബാഗും എടുത്ത് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുന്നതിനായി വീട്ടിൽ എത്തിയ സമയം കടയ്ക്കാവൂർ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്. കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അടിപിടി കേസുകൾ, പ്രായപൂർത്തി ആകാത്ത കുട്ടികളെ കഠിനമായി ഉപദ്രവിച്ച കേസ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് അബിൻ കുമാർ. ഈ കേസുകളിൽ എല്ലാംതന്നെ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും ജാമ്യത്തിൽ ഇറങ്ങി പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പതിവാണ്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട വ്യക്തിയാണ് പ്രതി.
ഇപ്പോൾ സർക്കാർ വസ്തുവകകൾ കൈയേറി നശിപ്പിച്ചതിന് പി.ഡി.പി.പി ആക്ട് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ജയപ്രസാദ്, ഷാഫി, സിവിൽ പൊലീസ് ഓഫിസർമാരായ സുജിൽ, അനിൽകുമാർ, മനോജ്, ഇന്ദ്രജിത്ത്, സജു എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.