കഞ്ചാവ് കേസിലെ പ്രതികൾ റിമാൻഡിൽ
text_fieldsപുനലൂർ: 30 കിലോ കഞ്ചാവുമായി പുനലൂർ പൊലീസ് പിടികൂടിയ പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതി ഉൾപ്പെടെ മൂന്നുപേരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിയിൽ വെള്ളിയാഴ്ചയാണ് പ്രതികളെ ഹാജരാക്കിയത്. കാപ്പ കേസ് പ്രതി പുനലൂർ മുസാവരിക്കുന്നിൽ ചരുവിളപുത്തൻവീട്ടിൽ അലുവ ഷാനവാസ് എന്ന ഐ. ഷാനവാസ് (41), വെട്ടിത്തിട്ട കുര്യോട്ടുമല അഞ്ജനഭവനിൽ വിഷ്ണു എന്ന ബി. അജിത് (24), ചെമ്മന്തൂർ ഫൈസൽ മൻസിലിൽ ഡി. ജെസിൽ (22) എന്നിവരാണ് പിടിയിലായത്.
ഷാനവാസ് കഞ്ചാവ് കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും കാപ്പാ നടപടി കഴിഞ്ഞും അടുത്തിടെയാണ് ജയിൽ മോചിതനായത്. 11ഓടെയാണ് ഷാനവാസും പുനലൂർ സ്വദേശികളായ മറ്റ് രണ്ടുപേരും ഉൾപ്പെട്ട സംഘം സിദ്ദീഖ് എന്നയാളുടെ ഓട്ടോയിൽ കഞ്ചാവ് കുര്യോയോട്ടുമല ആദിവാസി കോളനിയിലെ അജിത്തിന്റെ വീട്ടിൽ എത്തിച്ചത്.
ഒഡിഷയിൽ നിന്നെത്തിച്ച 30.3 കിലോ കഞ്ചാവ് 22 പാക്കറ്റുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിൽപനക്കാരനായ നിസാം എന്നയാൾക്ക് നൽകാനാണ് ഷാനവാസ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചില്ലറ വിൽപനക്ക് ഇത് ചെറിയ ചെറുപൊതികളാക്കുന്നതിനിടെയാണ് അജിതും ജെസിനും പിടിയിലായത്. സംഭവത്തിലെ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.