എ.എസ്.ഐയെ കുത്തിയ കേസിൽ പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി
text_fieldsഎറണാകുളം: എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കുത്തിയക്കേസിൽ പിടിയിലായ പ്രതി വിഷ്ണു അരവിന്ദ് നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ. 2011 മുതൽ 2015 വരെ ബൈക്ക് മോഷണം അടക്കം 18ഒാളം കേസിലെ പ്രതിയാണ് ഇയാളെന്നും കമീഷണർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ വിഷ്ണു ജാമ്യത്തിലാണ്. ബൈക്ക് മോഷണവും എ.എസ്.ഐയെ കുത്തിയതുമാണ് വിഷ്ണുവിനെതിരെ രജിസ്റ്റർ ചെയ്ത പുതിയ കേസുകൾ. വിഷ്ണു വിചാരണ നേരിടുന്നതും ജാമ്യം ലഭിച്ചതുമായ കേസുകളുണ്ട്. ഈ കേസുകൾ പുനപരിശോധിക്കുമെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കൊപ്പം കാക്കനാട് ജയിലിൽ സഹതടവുകാരനായിരുന്നു വിഷ്ണു അരവിന്ദ്. ജയിലിൽ വെച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ദിലീപിന് പൾസർ സുനി കത്തെഴുതിയിരുന്നു. ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ നടിയെ ആക്രമിച്ചതെന്ന് പൾസർ സുനി വിഷ്ണുവിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും വാഗ്ദാനം ചെയ്ത പണം കൈമാറാൻ ദിലീപ് തയാറായില്ല. തുടർന്ന് തടവുകാർ ആവശ്യപ്പെട്ട പ്രകാരമാണ് രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയത്. ജാമ്യത്തിലിറങ്ങിയ വിഷ്ണുവാണ് പൾസർ സുനിക്ക് വേണ്ടി കത്ത് ദിലീപിന്‍റെ മാനേജറായ അപ്പുണ്ണിക്ക് കളമശേരിയിൽവെച്ച് കൈമാറുന്നത്. ഈ കത്താണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്ന പ്രാഥമിക സൂചനക്ക് പിന്നീട് വഴിവെച്ചത്.
കൂടാതെ, പൾസർ സുനിക്ക് മൊബൈൽ ഫോണും സിമ്മും എത്തിച്ചു നൽകിയതും വിഷ്ണുവാണ്. മറൈൻഡ്രൈവിൽ നിന്നും വാങ്ങിയ സ്പോർട്സ് ഷൂസിന്‍റെ ഉള്ളിൽ ഒളിപ്പിച്ചാണ് ഇവ ജയിലിനുള്ളിൽ എത്തിച്ചത്. ഈ ഫോൺ ഉപയോഗിച്ചാണ് സംവിധായകൻ നാദിർഷ അടക്കമുള്ളവരെ വിളിച്ച് പൾസർ സുനി പണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയായ വിഷ്ണു, പിന്നീട് കേസിലെ മാപ്പുസാക്ഷിയായി മാറി.
ജനുവരി ആറിനാണ് വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കളമശ്ശേരി എച്ച്.എം.ടി കോളനിയിൽ വിഷ്ണു അരവിന്ദാണ് (ബിച്ചു-33) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എളമക്കര പൊലീസും കൺട്രോൾ റൂം ഫ്ലയിങ് സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.