ദുരൂഹത ഒഴിയാത്ത, കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യദുരന്തം
text_fieldsതിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ ദുരൂഹത ഇനിയും ഒഴിഞ്ഞിട്ടില്ല. മദ്യദുരന്തത്തിന് വഴിവെച്ചതാരെന്നും അതിന് പിന്നിലെ കാരണമെന്തെന്നുമുള്ള ചോദ്യത്തിന് തൃപ്തികരമായ മറുപടി ഇനിയും ലഭിച്ചിട്ടില്ല. മണിച്ചൻ വിതരണം ചെയ്ത സ്പിരിറ്റ് ചേർത്ത മദ്യം കുടിച്ചാണ് അപകടമെന്ന് മുൻ ഡി.ജി.പി സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയതിനെ തുടർന്നാണ് 26 പേരെ ശിക്ഷിച്ചത്. എന്നാൽ, തന്റെ പരിധിയിലല്ല ദുരന്തമുണ്ടായതെന്നും ശത്രുക്കൾ ചേർന്നുള്ള ഗൂഢാലോചനയായിരുന്നെന്നും ഇപ്പോഴും മണിച്ചൻ ആവർത്തിക്കുന്നു. 32 പേർ മരിച്ച സംഭവത്തിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ-മദ്യമാഫിയകൾ തമ്മിലെ ബന്ധവും പുറത്തുവന്നു. നായനാർ സർക്കാറിന്റെ കാലത്ത് ജയിലിലായ മണിച്ചൻ പിണറായി സർക്കാറിന്റെ കാലത്ത് പുറത്തിറങ്ങുന്നതും ശ്രദ്ധേയം.
2000 ഒക്ടോബർ 21നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഖൈറുന്നിസ നടത്തിയിരുന്ന അനധികൃത വിൽപനകേന്ദ്രത്തിൽനിന്ന് മദ്യം കഴിച്ചവരിൽ 32 പേര് മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഖൈറുന്നിസയും കൂട്ടാളികളും പൊലീസ് പിടിയിലായി.
അനധികൃത മദ്യവിൽപനക്ക് രാഷ്ട്രീയ ഒത്താശയുണ്ടെന്ന വെളിപ്പെടുത്തൽകൂടി വന്നതോടെ സംഭവം വൻ വിവാദമായി. മണിച്ചന്റെ ചിറയിൻകീഴ് ശാർക്കരയിലെ വീട്ടിലും ഗോഡൗണിലുമുള്ള ഭൂഗർഭ അറയിൽനിന്ന് സ്പിരിറ്റ് പിടികൂടി. മണിച്ചൻ ഒളിവിലിരുന്ന് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയത് വലിയ വാർത്തയായി. ചിറയിൻകീഴ്, വാമനപുരം, വർക്കല റെയ്ഞ്ചുകള് നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നു. ആരോപണം മുഖ്യമന്ത്രിയുടെ ഓഫിസ് വരെ നീണ്ടു.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ സർക്കാറിന് തിരിച്ചടിയായി. സി.പി.എം ജില്ല സെക്രട്ടറിയും എം.എൽ.എയും ഉന്നത ഉദ്യോഗസ്ഥരും മണിച്ചന്റെ മാസപ്പടി ലിസ്റ്റിൽ ഉൾപ്പെട്ടെന്ന് കണ്ടെത്തി. അന്വേഷണം ഇടക്കുവെച്ച് അവസാനിപ്പിച്ചെന്ന വിമർശനവുമുണ്ടായി. മണിച്ചനുൾപ്പെടെയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും മാസപ്പടി ഡയറിയിൽ പേരുണ്ടായിരുന്ന രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും വിജിലൻസ് കോടതി വെറുതെ വിട്ടു. എക്കാലത്തെയും ഇടത് സർക്കാറുകൾക്ക് വലിയ കളങ്കമായിരുന്നു കല്ലുവാതുക്കൽ ദുരന്തം. അതിനുശേഷം 2001ൽ നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലേക്ക് എൽ.ഡി.എഫ് ഒതുങ്ങിയതിൽ ഈ ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണമായി.
മോചനവിവരം മണിച്ചൻ അറിഞ്ഞത് ടി.വി വാർത്തയിലൂടെ
തിരുവനന്തപുരം: ഗവർണർ അനുകൂല തീരുമാനമെടുത്തെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം വൈകാൻ സാധ്യത, ടി.വിയിൽ വാർത്ത കേട്ടിട്ടും അമിതസന്തോഷമില്ലാതെ മണിച്ചനും. കൊല്ലം സെഷൻസ് കോടതി വിധിച്ച പിഴയിൽ 30.45 ലക്ഷം രൂപ കെട്ടിവെച്ചാലേ നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് മണിച്ചൻ മോചിതനാകാനാകൂയെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞുവന്ന മണിച്ചനെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയത്.
അവിടെ കൃഷിപ്പണികൾക്ക് നേതൃത്വം നൽകുന്നു. ദിവസങ്ങൾക്ക് മുമ്പ് മണിച്ചൻ പരോളിൽ ഇറങ്ങിയിരുന്നു. ആ സമയത്ത് ജ്യൂസ് വിൽപന നടത്തിയിരുന്നു.
26 പ്രതികളിൽ മണിച്ചനും ഖൈറുന്നിസയും ഉൾപ്പെടെ 14 പേർക്കാണ് സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മറ്റ് 12 പേർക്ക് രണ്ടരവർഷവും ഒരാൾക്ക് രണ്ടുവർഷം കഠിനതടവും പിഴയും. ഏഴാം പ്രതിയായ മണിച്ചനാണ് ഏറ്റവും വലിയ ശിക്ഷ ലഭിച്ചത്, ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയും. ഖൈറുന്നിസക്ക് 7.35 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. 26 പ്രതികളിൽനിന്നായി 1,17,10,000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്. ഇതിൽനിന്ന് 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചിരുന്നു.
മോചന നടപടി ആരംഭിച്ചത് സുപ്രീംകോടതി ഇടപെടലിന് നാലുമാസം മുമ്പേ
തിരുവനന്തപുരം: മണിച്ചനെ മോചിപ്പിക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചത് സുപ്രീംകോടതി ഇടപെടലിന് നാലുമാസം മുമ്പേ ആയിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2018ൽ ഇറക്കിയ സർക്കാർ ഉത്തരവ് പാലിച്ചതായി നേരത്തേ ഗവർണർക്ക് അയച്ച ഫയലിൽ ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, 2018ലെ ഉത്തരവ് തടവുകാരുടെ സാധാരണ രീതിയിലുള്ള മോചനം സംബന്ധിച്ചാണെന്നും ഇപ്പോൾ പരിഗണിക്കുന്ന ഫയൽ തടവുകാരുടെ ശിക്ഷാ കാലാവധി ഇളവ് ചെയ്ത് മോചനം നൽകുന്നതിനാണെന്നും സർക്കാർ മറുപടി നൽകി. ആ സാഹചര്യത്തിൽ 2018ലെ ഉത്തരവ് ഈ മോചനത്തിനു ബാധകമല്ല. ഇതു സംബന്ധിച്ചു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങൾ കൂടി പരിശോധിച്ച് നിയമവകുപ്പുമായി ആലോചിച്ചാണ് ഗവർണർക്ക് ആഭ്യന്തര വകുപ്പ് മറുപടി നൽകിയത്. വിട്ടയക്കാൻ ശിപാർശ ചെയ്തവരുടെ പട്ടികയിൽ ഹീന കുറ്റകൃത്യങ്ങൾ ചെയ്തവർ ഇല്ലെന്നും സർക്കാർ മറുപടി നൽകി.
ദീർഘകാലമായി ജയിലിൽ കഴിയുന്ന 184 പേരുടെ പട്ടിക പരിശോധിച്ചു മോചിപ്പിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കി നൽകാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയത് 2021 ഒക്ടോബറിലാണ്. തുടർന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയിൽ ഡി.ജി.പിയും ഉൾപ്പെടുന്ന സമിതിക്കു കീഴിൽ ഇതിനായി ഉപസമിതി രൂപവത്കരിച്ചു. ഉപസമിതി 67 പേരുടെ പട്ടിക മാർച്ചിൽ തയാറാക്കി. ഇതിൽ മണിച്ചനും പ്രവീൺ വധക്കേസ് പ്രതി മുൻ ഡിവൈ.എസ്.പിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ വിമർശനമുണ്ടായതിനാൽ സർക്കാർ നിർദേശപ്രകാരം ആഭ്യന്തര, നിയമ സെക്രട്ടറിമാരുടെ സമിതി വീണ്ടും പരിശോധന നടത്തി 33 പേരായി ചുരുക്കി. ഇതിന് സർക്കാർ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.