സാമൂഹികവിരുദ്ധർ ഒരേക്കറോളം കൃഷി വെട്ടി നശിപ്പിച്ചു
text_fieldsഊർങ്ങാട്ടിരി: വേഴക്കോട്ട് കർഷകന്റെ ഒരേക്കറോളം കൃഷിയിടം ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധർ വെട്ടി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
വേഴക്കോട് സ്വദേശിയും കർഷകനുമായ അബ്ദുൽ മജീദിന്റെ പാട്ട ഭൂമിയിലെ കൃഷിയാണ് ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കിയത്. കുലച്ചതും കുലക്കാനായതും ഉൾെപ്പടെ അഞ്ഞൂറിൽ കൂടുതൽ വാഴയും, നല്ല രീതിയിൽ വളർന്നിരുന്ന ഇരുനൂറ്റമ്പതോളം കവുങ്ങും മറ്റു കൃഷിയുമാണ് നശിപ്പിച്ചത്.
രാത്രി കൃഷിയിടത്തിൽ പന്നി ഇറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയപ്പോഴാണ് കൃഷിയിടം നശിപ്പിച്ചതായി കണ്ടെത്തിയത്. രാവിലെ എത്തിയപ്പോഴാണ് കൃഷിയിടം പൂർണമായി നശിപ്പിച്ചതായി കണ്ടെത്തിയത്. ഊർങ്ങാട്ടിരി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
നാല് ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അബ്ദുൽ മജീദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് വാർഡ് അംഗം സത്യൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വേഴക്കോട് അങ്ങാടിയിലുണ്ടായ ചില പ്രശ്നങ്ങളാണ് കൃഷിയിടത്തിലെ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവസ്ഥലം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരും സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.