നാടുകടത്തിയ ഗുണ്ടയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു
text_fieldsകാഞ്ഞിരപ്പള്ളി: നാടുകടത്തിയ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പുത്തൻവിളയിൽ മനു മോഹനനെ(30) ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാളെ കാപ്പ നിയമപ്രകാരം ജില്ലയില്‍നിന്ന് ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ കണ്ടെത്തുകയും അത്തരം പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്ത് അവരുടെ ജാമ്യം റദ്ദുചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് നിർദേശം നൽകിയിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക, ആക്രമിച്ച് പരിക്കേൽപിക്കുക, വധശ്രമം, സ്ത്രീകളെ അപമാനിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. നിരന്തരം കുറ്റവാളിയായ മനു മോഹനന്‍റെ നിലവിലെ ജാമ്യം റദ്ദ് ചെയ്യുന്നതിന് കോടതിയിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനില്‍നിന്ന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്തു. തുടർന്ന് ഇയാളെ ഇടുക്കി പെട്ടിമുടിയിൽനിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്‍റോ പി.കുര്യൻ എ.എസ്.ഐ പി.പി. സുനിൽ, സി.പി.ഒമാരായ ബോബി, സുധീഷ്, സതീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.